Monday, September 22, 2008

മേതിലിന്റെ മൌസ് ട്രാപ്പ്: ചൂണ്ടെലി

മലയാളത്തില്‍ പുതിയ ഒരു വാക്ക് : ചൂണ്ടെലി

റിംഗിങ്ങ് എനി ബെല്‍‌സ് ?

മണി മുഴങ്ങേണ്ടത് ഏതെങ്കിലും പൂച്ചയെക്കുറിച്ചല്ല, പൂച്ചയ്ക്കാര് മണികെട്ടും എന്ന്‍ ആലോചിച്ചുകൊണ്ടിരുന്ന ഒരു എലിയെക്കുറിച്ചാണ്. ഒരു എലി, ശരിയ്ക്കു പറഞ്ഞാല്‍ ഒരു ചുണ്ടെലി. റ്റോമും ജെറിയും കാര്‍ട്ടൂണിലല്ലാതെ നിങ്ങള്‍ ഇഷ്ടപ്പെടാവുന്ന ഏക എലി. (എഗയ്ന്‍, മണി മുഴങ്ങുന്നതാര്‍ക്കു വേണ്ടി ? റാം മോഹന്‍ പാലിയത്തിന്റെ ഒരു പോസ്റ്റ് ഓര്‍മ്മ വരുന്നു).

നിങ്ങളുടെ മേശപ്പുറത്ത്, അല്ലെങ്കില്‍ വലിച്ചുനീക്കാവുന്ന ഒരു പലകമേല്‍ ഒരു എലി ഇരിപ്പുണ്ട്. ഒരു ചുണ്ടെലി. നിങ്ങളുടെ വലത്തെ ഉള്ളംകൈയ്യിന്റെ ഭൂമിശാസ്ത്രവും ഊഷ്മാവും മുതുകു കൊണ്ട് അറിയുന്ന ഒരു എലി. നിങ്ങളും ഞാനും മനസ്സില്‍ ജെറിയെയും കൈവെള്ളയില്‍ മൌസിനെയും താലോലിക്കുന്നു. മൌസ്, ഒരു ചൂണ്ടിയാണ്, പോയിന്റര്‍. താ‍ന്‍ അവതരിപ്പിച്ച ഉപകരണത്തിന് ലബോറട്ടറിക്ക് പുറത്തേയ്ക്ക് എത്തുമ്പോഴെയ്ക്ക് വേറൊരു പേര് കണ്ടെത്തണമെന്ന് ഡഗ്ലസ് എങല്‍ബാതിന് തോന്നിയിരുന്നെങ്കിലും മൌസ് എന്ന പേര്‍ ഉറച്ചുപോവുകയാണുണ്ടായത്.

കമ്പ്യൂട്ടര്‍ മൌസ് രൂപംകൊണ്ടും പേരുകൊണ്ടും ചുണ്ടെലിയും പ്രവൃത്തികൊണ്ട് ചൂണ്ടിയും ആയതിനാല്‍, ചൂണ്ടെലി എന്ന പേര്, ‘ശ്ശൊ... ഇതു വരെ തോന്നീലല്ലൊ’ എന്ന് ആശ്ചര്യപ്പെടുത്തുംവിധം ചേരുന്നു. സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുമ്പോല്‍ നിങ്ങളുടെ ഇണയ്ക്കുണ്ടാകുന്ന ഒതുക്കത്തോടെ, മൌസ്, സോറി ചൂണ്ടെലി ഉള്ളംകൈയ്യില്‍ ഒതുങ്ങുന്നപോലെ ചേര്‍ന്ന് ഒതുങ്ങുന്ന ഒരു പേര്.

മേതില്‍ രാധാകൃഷ്ണനാണ് ചൂണ്ടെലി എന്ന വാക്ക് സൃഷ്ടിക്കുന്നത്. മാധ്യമം ആഴ്ചപ്പതിപ്പില്‍ പുതുതായി തുടങ്ങിയ അദ്ദേഹത്തിന്റെ പംക്തിയ്ക്ക് ചൂണ്ടെലി എന്നാണ് പേര്.

2 comments:

പച്ചപ്പായല്‍ said...

മലയാളത്തില്‍ പുതിയ ഒരു വാക്ക് : ചൂണ്ടെലി
.........

സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുമ്പോല്‍ നിങ്ങളുടെ ഇണയ്ക്കുണ്ടാകുന്ന ഒതുക്കത്തോടെ, മൌസ്, സോറി ചൂണ്ടെലി ഉള്ളംകൈയ്യില്‍ ഒതുങ്ങുന്നപോലെ ചേര്‍ന്ന് ഒതുങ്ങുന്ന ഒരു പേര്.......

Nachiketh said...

:)