Friday, September 12, 2008

ഓണപ്പതിപ്പിലെ കാളനും കാളയിറച്ചിയും

എല്ലാവര്‍ക്കും ഓണാശംസകള്‍...

ഓണപ്പതിപ്പുകള്‍ ഇല്ലാത്ത ഓണാഘോഷത്തെപ്പറ്റി, ഡിയര്‍ മലയാളീസ്, കാന്‍ യു ഇമാജിന്‍ ? നാട്ടിലിറങ്ങുന്ന സര്‍വ്വ ആഴ്ചപ്പതിപ്പുകളും മനോരമ, മംഗളം പോളുള്ള പത്രങ്ങളും ഓണപ്പതിപ്പുകള്‍ ഇറക്കുന്നു. എല്ലാ കൊല്ലവും മത്സരിച്ച് പുതിയ കവര്‍ ഫീച്ചറുകള്‍ തേടിപ്പിടിച്ച്, ഒന്നും കിട്ടിയില്ലെങ്കില്‍ ഉണ്ടാക്കി പേജുകള്‍ പേജുകള്‍ നിറച്ചു വയ്ക്കും. മനോരമയും മാതൃഭൂമിയും ഇപ്പൊ രണ്ടു വാല്യങ്ങളായാണ് സംഗതി പടയ്ക്കുന്നത്, നിങ്ങള്‍ക്ക് കടകളില്‍നിന്ന് ഒരു പ്ലാസ്റ്റിക് സഞ്ചിയാണ് കിട്ടുക, രണ്ടു പുത്തകം, ഒരു പായ്കറ്റ് അടയൊ സേമിയയൊ എന്തെങ്കിലും 'തികച്ചും' സൌജന്യമായി....

കുറ്റം പറയരുത്, മലയാളിയുടെ സവിശേഷ സ്വഭാവങ്ങളുടെയും പൊങ്ങച്ചത്തിന്റെയും നേര്‍ക്കാഴ്ചകളാണ് ഓണപ്പതിപ്പുകള്‍. എല്ലാക്കൊല്ലവും ആരെങ്കിലും ഏതെങ്കിലുമൊക്കെ പതിപ്പുകള്‍ വാങ്ങീട്ടുണ്ടാവും, അതൊക്കെ എക്‍‌ചേഞ്ച് ചെയ്ത് വായിക്കാറാണ് പതിവ്. സാമ്പത്തിക നഷ്ടം, ഓണം അല്ലാതെതന്നെ ഉണ്ടാക്കാറുള്ളതിനാല്‍ പിന്നെ ഓണപ്പതിപ്പുകള്‍ക്കായി കാശൂ കളയാറില്ല (പലരും), ഏറിയാലൊന്ന് മാത്രം വാങ്ങുന്നതാണ് പലരുടെയും പോളിസി.

ഇത്തവണയും പതിവു തെറ്റിച്ചില്ല. ഒരു ഓടിനോക്കല്‍ നടത്തി തടിയന്‍ പതിപ്പുകളിലൂടെ. മലയാളം വാരിക, അതു തുടങ്ങിയ കാലത്ത് റീഡബിള്‍ ഓണപ്പതിപ്പുകളാണ് ഇറക്കിയിരുന്നത്. ഇപ്പൊ ആ ശീലം മാറ്റി, പേജുകള്‍ കൂട്ടി കുറെ അക്കാഡമിക് ചര്‍ച്ചകളും പ്രഭാഷണങ്ങളുമാണ് പ്രസിദ്ധീകരിക്കാറ്. കാര്‍ഷിക പ്രതിസന്ധി, കേരളത്തിന്റെ വികസനത്തെപ്പറ്റിയുള്ള ആശങ്കകള്‍ പങ്കു വയ്ക്കല്‍ .. ഇത്തവണയും അതൊക്കെ തന്നെ. ഒരുപാട് ബൌദ്ധിക വ്യായമങ്ങളില്‍ താല്പര്യമില്ലാത്തതിനാല്‍ വേഗംതന്നെ മലയാളിയാവേണ്ടെന്നു തീരുമാനിച്ചു.

മാധ്യമത്തിന്റെ റോള്‍ പതിവുപോലെ സമൂഹത്തിന്റെ വാച്ച് ഡോഗ് എന്നതുതന്നെയാണ്. ഒരുഗുണമുണ്ട് മാധ്യമത്തിന്, വാരിക എക്കാലത്തും ആത്മരോഷം കൊള്ളുന്നവര്‍ക്ക് മൈതാന പ്രസംഗങ്ങള്‍ നടത്താനുള്ള ഇടം നല്‍കുന്നു. കേരളത്തിലെയും ഇന്ത്യയിലെയും സെക്യുലറിസം നേരിടുന്ന പ്രശ്നങ്ങള്‍, പ്രതിവിധികള്‍, സാമൂഹിക മാറ്റങ്ങളുടെ അക്കാദമിക് വിചിന്തനങ്ങള്‍ ഇതൊക്കെ തന്നെ എന്നും വിഷയങ്ങള്‍... ഏകദേശം അതേ ലൈന്‍ ആണെന്നു തോന്നി ഇപ്രാവശ്യവും, പോരാത്തതിന് അടൂരുമായി ഒരു ഇന്റര്‍വ്യൂവും, നമ്മള്‍ സ്റ്റാന്റു വിട്ടു.

പിന്നെ കോട്ടയത്തിന്റെ മാണിക്യം തൊട്ടുനോക്കി: മൂന്നു വരികള്‍ - എം ടി, മാധവന്‍, മുകുന്ദന്‍. അത് വാങ്ങിപ്പോയ സുഹൃത്ത് പറഞ്ഞിരുന്നു മാധവന്റെ കഥ നന്നായിട്ടുണ്ടെന്ന്‍. എന്നാലും ബാക്കിയൊക്കെ നമ്മള്‍ കുറെക്കാലമായി കഴിക്കുന്ന കാളനല്ലെ, എന്തു വായിക്കാന്‍. എല്ലാ കൊല്ലവും ഏതെങ്കിലും ഓണപ്പതിപ്പില്‍ എം.ടിയുണ്ടാവും. അന്നത്തെ ഓണം, ഇന്നത്തെ ഓണം, കര്‍ക്കിടകത്തില്‍ ജനനം, പിറന്നാളിനെപ്പറ്റിയുള്ള കഥ.... പിന്നെ ഇന്റര്‍വ്യൂ ചെയ്യുന്നവരുടെ മണ്ടന്‍ ചോദ്യങ്ങളും: ഓണം മലയാളിക്ക് നഷ്ടപ്പെട്ടുകയാണോ, മാര്‍ക്കറ്റ് ഓണത്തെ എങ്ങനെ വിലയിരുത്തുന്നു.... എംടിയ്‌ക്കുതന്നെ ബോറടിക്കുന്നുണ്ടാവണം ഇതൊക്കെ. കൊല്ലങ്ങളായി വേറൊരു ചോദ്യവുമില്ല, ഉത്തരവുമില്ല. ഓണപ്പതിപ്പുകളിലെ ഓണാഘോഷ സിംബലുകളൊക്കെ സ്ഥിരമാണ്: എംടി, അടൂര്‍, ഓയെന്‍‌വി, യേശുദാസ്... ഈയിടെയായി പുതിയ ഐക്കണുകള്‍ ചേര്‍ക്കപ്പെടുന്നു, ദേവകി നിലയങ്ങോട്, വി എസ് അച്യുതാനന്ദന്‍... ഓ.വി. വിജയനോടും ഇ.എം.എസിനോടുമൊക്കെ ശരിയ്ക്കും ബഹുമാനം തോന്നിക്കുന്ന വിഷയമാണ് ഓണപ്പതിപ്പ് എഡിറ്റര്‍മാരെ അധികം അടുപ്പിച്ചിരുന്നില്ല എന്നത്.

അവസാ‍നം കറങ്ങിത്തിരിഞ്ഞ് മാതൃഭൂമിയില്‍ എത്തി. വിഷയങ്ങള്‍ക്ക് പുതുമ തോന്നി, മകന്‍ അച്ഛനെ വിലയിരുത്തുന്നു. അങ്ങനെ അതു വാങ്ങി. എം.ജി.രാധാകൃഷ്ണന്‍ പിജിയെ, പിയേഴ്സണ്‍ മാധവനെ, ഷോബി തിലകനെ, ശ്യാമപ്രസാദ് രാജഗോപാലിനെ, ഷൌക്കത്ത് ആര്യാടനെ .... അച്ഛാ - മകാ സീരീസില്‍ (മോഹന്‍ലാല്‍, വിജയരാഘവന്‍ തുടങ്ങി പിന്നെയും പ്രതിഭകള്‍ പിതൃസ്മാരകങ്ങള്‍ താളുകളില്‍ ഉണ്ടാക്കുന്നുണ്ട്‌) വായനാസുഖം നല്‍കുന്നവ കുറവും ക്ഷമ പരിശോധിക്കുന്നവ കൂടുതലും ആണെങ്കിലും ആര്യാടനെയും രാധാകൃനെയും പിയേഴ്സണെയും വായിക്കാം, അതിന് പ്രസക്തിയുമുണ്ട്. അച്ഛന്‍ ഈ വിചാരാണ അര്‍ഹിക്കുന്നു എന്ന പിയേഴ്സണ്‍ന്റെ തലക്കെട്ട് ആകര്‍ഷണീയം.

മാതൃഭൂമി പുത്തകം രണ്ടില്‍, അയ്യയ്യൊ, അഫിമുഖങ്ങളാണ്. നിങ്ങള്‍ക്ക് കൊല്ല്ലാന്‍ ഒരുപാട് സമയവും വായിച്ച് വായിച്ച് ബോറടിക്കാന്‍ താല്പര്യവുമുണ്ടെങ്കില്‍ വായിക്കുക. കാരണം, ആദ്യം തന്നെ പുനത്തില്‍ ആണ്. വിടുവായത്തം, തന്‍പോരിമ എന്നൊന്നും പറഞ്ഞാല്‍ പോര ആ മൊഴിമുത്തുകളെ (കാളമൂത്രം !), അല്ലെങ്കില്‍ അദ്ദേഹത്തെ പറഞ്ഞിട്ടെന്തു കാര്യം, മാതൃഭൂമിയുടെ പേജുകള്‍ ഇതുപോലെ മലീമസമാക്കാന്‍ അനുവദിക്കുന്ന കമല്‍‌റാം സജീവിനെയാണ് വിചാരണ ചെയ്യേണ്ടത്. ജെ. ആര്‍. പ്രസാദ് എം. സുകുമാരനെ ഇന്റര്‍വ്യൂ ചെയ്യുന്നു, സുദീര്‍ഘമായ ജീവിതകഥയുടെ രൂപത്തില്‍. സുകുമാരനെ ആദ്യം ഫോണില്‍ വിളിച്ചപ്പൊതൊട്ട്, പിന്നെയുള്ള എസ്.എം.എസുകള്‍, തിരുവനന്തപുരത്ത് എന്ന് എത്തി, എത്ര മി.മി. മഴ പെയ്തു, സുകുമാരന്റെ വീട്ടിലെയ്ക്ക് പോയ ഓട്ടോയുടെ നമ്പര്‍... ഇനിയെത്ര നീളാം ? സുകുമാരന്‍ സൌമ്യനും മിതഭാഷിയും ആണെങ്കിലും പ്രസാദ് അങ്ങനെയല്ല. പിന്നെ ലീലാവതി ടീച്ചര്‍, സേതു തുടങ്ങിയവര്‍ സംഭാഷണനിരതരാവുന്നു. കൂടാതെ യു.ഏ.ഖാദര്‍ ദീര്‍ഘത്തില്‍ ആത്മഭാഷണവും നത്തുന്നു. മൂന്നൊ നാലൊ പേജുകളില്‍ ഒതുക്കേണ്ടവയും ഒതുങ്ങേണ്ടവയും 30 - 40 പേജുകള്‍ വീതം ! ശിവനെ ! എന്നാലും അക്ബര്‍ കക്കട്ടിലിന്റെയും അരവിന്ദാക്ഷന്റെയും പിതൃസ്മരണകള്‍ (അവര്‍ അപ്രശസ്തരായിരുന്നു) മറ്റുള്ളവയെക്കാള്‍ എത്രയൊ ഭേദം.

എഡിറ്റര്‍, എഡിറ്റോരിയല്‍ ബോര്‍ഡ് എന്നൊക്കെ പറഞ്ഞാല്‍ പ്രസിദ്ധീകരിക്കുന്ന സംഗതികള്‍ എഡിറ്റ് ചെയ്യാന്‍ അധികാരമുള്ളവരെന്ന് ഒരു ധാരണയുണ്ടായിരുന്നു. ഇതൊക്കെ കണ്ടതോടെ (എല്ലാം വായിക്കാന്‍ സാധിക്കില്ലെ കെട്ടോ) അതു മാറിക്കിട്ടി. അവനവന്‍ മാനിയയുടെ (മാരീചനു കടപ്പാട്) ഉത്തുംഗശൃംഗങ്ങളാണ് ഓരോ എഴുത്തും. അല്ല, മലയാളിയുടെ ബുദ്ധിജീവി ജാഡ അര്‍ഹിക്കുന്നുണ്ടാവണം ഇതൊക്കെ. കാളനും മലബാറില്‍ ചിലസ്ഥലത്ത് പതിവുള്ളപോലെ ഇറച്ചിയും (കെ ഇ എന്‍ ലൈനിലാണെങ്കില്‍ കാളയിറച്ചി തന്നെയാവട്ടെ) പോരാ മലയാളിയ്ക്ക് ഓണം ആഘോഷിക്കാന്‍. ഓണപ്പതിപ്പുകളിലെ വൃത്തികെട്ട ഞാന്‍ ഞാന്‍ പേജുകളിലെ ദുര്‍ഗന്ധം കൂടി വേണം.

കഷ്ടം തോന്നുന്നത് ഈ ചവറുകളെല്ലാം വായിക്കുന്ന മലയാളീസിക്കുറിച്ചല്ല, ഇവയൊക്കെ നമ്മുടെ അതി ബൌദ്ധിക ജീവിതത്തിന്റെ പ്രതിഫനലമാണ്, ഇതൊക്കെ അച്ചടിക്കാന്‍ ലോറി കേറിവരുന്ന പാവം മരങ്ങളെ ഓര്‍ത്താണ്. പക്ഷികളും കാറ്റും പുഴുക്കളുമെല്ലാമുള്ള ആവാസവ്യവസ്ഥയില്‍നിന്ന് പള്‍പ്പായും പേപ്പറായും നമ്മുടെ അകത്തളത്തില്‍ കേറി വരുന്നത് വായനക്കാരന് വമനേച്ഛയുളവാക്കുന്ന മഷി പുരളാനാണെന്നത് അവയുടേ ദുര്യോഗം. കൂടുതല്‍ കോപ്പികള്‍ വിറ്റുപോവുകയല്ല, മറിച്ച് ഒരു കോപ്പി തന്നെ കൂടുതല്‍പേര് വായിക്കുകയും അങ്ങനെ അത്രയും മരങ്ങള്‍ സംരക്ഷിക്കപ്പെടുകയുമാണ് വേണ്ടത് എന്നു പറഞ്ഞ ആനന്ദ് ഒരു വിഡ്ഡിയാവണം ഇതൊക്കെ അച്ചടിക്കുന്ന മന്ദബുദ്ധികളുടെ കണ്ണില്‍.

10 comments:

പച്ചപ്പായല്‍ said...

മലയാളിയുടെ സവിശേഷ സ്വഭാവങ്ങളുടെയും പൊങ്ങച്ചത്തിന്റെയും നേര്‍ക്കാഴ്ചകളാണ് ഓണപ്പതിപ്പുകള്‍.....
ഇത്തവണത്തെ മാതൃഭൂമി ഓണപ്പതിപ്പിനെ മുന്‍‌നിര്‍ത്തി ഒരു വിചാരം...

എതിരന്‍ കതിരവന്‍ said...

മലയാളി ഇന്ന് ഇതൊക്കെയായിരിക്കണം വായ്ക്കേണ്ടത് എന്ന് ഇവരൊക്കെ തീരുമാനിച്ചു കഴിഞ്ഞല്ലൊ. ലേഖനങ്ങളൊക്കെ സംവാദത്തില്‍ അവസാനിക്കുകയോ തുടങ്ങുകയോ ചെയ്യണമെന്നാണത്രെ എഡിറ്റര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.

1969 ലെ മാതൃഭൂമി വാര്‍ഷികപ്പതിപ്പ് ഇതാ എന്റെ കയ്യില്‍.
കഥകള്‍: കാരൂര്‍, റ്റി. പദ്മനാഭന്‍, എം.ഗോവിന്ദന്‍,സക്കറിയ,കാക്കനാടന്‍, മാധവിക്കുട്ടി,എന്‍. പി. മുഹമ്മദ്, ഇ. എം. കോവൂര്‍,വി. കെ. എന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍....

ലേഖനങ്ങള്‍: കൈനിക്കര, മന്മഥനാഥ് ഗുപ്ത, ബിമല്‍ മിത്ര,കിഷന്‍ ചന്ദര്‍. കോവിലന്‍, മുണ്ടശ്ശേരി,കെ.ഭാസ്കരന്‍ നായര്‍, പ്രഭാകര്‍ മാച്വേ, ബെറ്റി ട്രു ജോണ്‍സ്, കെ. എന്‍ എഴുത്തച്ഛന്‍,സാംബമൂര്‍ത്തി, ഡോ. വി. രാഘവന്‍, എം. എസ്. മേനോന്‍...... (സാമൂഹ്യം, വിദ്യാഭ്യാസം.,ലളിതകലകള്‍, സംഗീതം എന്നിങ്ങനെ വകുപ്പുകള്‍ തിരിച്ചിട്ടുണ്ട്).

കവിതകള്‍: ബാലാമണിയമ്മ, പി. കുഞ്ഞിരാമന്‍ നായര്‍, ഇടശ്ശേരി, വെണ്ണിക്കുളം , അക്കിത്തം, സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി, എന്‍. എന്‍. കക്കാട്, നാലാങ്കല്‍........

കൂടാതെ തിക്കോടിയന്റെ ഗദ്യനാടകവും കാവാലത്തിന്റെ കാവ്യനാടകവുമുണ്ട്. എ. എസ്. വരച്ച ചിത്രങ്ങളും.

ഓണം-past glory?

Haree said...

:-)
ഈ മാധ്യമങ്ങളെയൊന്നും ‘വിചാരി’ക്കാന്‍ കൊള്ളില്ലെന്നതാണ് ഇന്നത്തെ വിചാരം!
--

ഭ്രമരന്‍ said...

''കഷ്ടം തോന്നുന്നത് ഈ ചവറുകളെല്ലാം വായിക്കുന്ന മലയാളീസിക്കുറിച്ചല്ല, ഇവയൊക്കെ നമ്മുടെ അതി ബൌദ്ധിക ജീവിതത്തിന്റെ പ്രതിഫനലമാണ്, ''
very good reflections

Anoop Technologist (അനൂപ് തിരുവല്ല) said...

:)

ഭൂമിപുത്രി said...

ആർത്തിപിടിച്ച് ഓണപ്പതിപ്പുകൾ വാങ്ങിക്കൂട്ടുന്നതൊരു ശീലമായിപ്പോയി.പിന്നെ,ഇതൊക്കെ വായിച്ച്തീർക്കണമല്ലോ എന്ന ആധിയായി.
എന്നാലും മുഴുവൻ വായിച്ചുതീരുമ്പോൾ,
ചിലതെങ്കിലും മനസ്സിൽ തങ്ങിനിൽക്കാറുണ്ട്.
പുതിയ ഓണപ്പതിപ്പുകളിൽ രമേഷ് എസ്.ജാനകിയേപ്പറ്റി എഴുതിയ ലേഖനമാൺ ആദ്യം വായിച്ചത്,ബാക്കിയൊക്കെ കിടക്കുന്നു.

കതിരവന്റെ കയ്യിലുള്ള 69ലെ മാതൃഭൂമിയുടെ വിശേഷമറിഞ്ഞപ്പോൾ കൊതിവരുന്നു.
അമ്മ മാതൃഭൂമിയുടെ ലക്കങ്ങളൊക്കെ ബയന്റ് ചെയ്തുവെച്ചിരുന്നത് വായിച്ചാൺ ഞാൻ വളർന്നത്.അതൊക്കെ പൊന്നുപോലെ സൂക്ഷിച്ച്വെക്കേണ്ടതായിരുന്നുവെന്ന് എനിയ്ക്ക് ബോധം വന്നപ്പോഴെയ്ക്ക് എല്ലാം ചിതലെടുത്തുപോയി..അതുകണ്ട് സങ്കടപ്പെടാൻ നിൽക്കാതെ അമ്മയും പോയി.

പാരസിറ്റമോള്‍ said...

മാത്രുഭൂമിയും മനോരമയും ഓണപ്പതിപ്പുകള്‍ വാങ്ങി. സുകുമാര്‍ അഴീക്കോടിണ്റ്റെ അഭിമുഖം വായിച്ചപ്പൊഴെമനോരമ വലിച്ചെറിഞ്ഞു.... മാത്രുഭൂമി എനിക്കെന്തോ അത്ര ബോരായി തോന്നിയില്ല... എം ജി രാധക്രിഷ്ണണ്റ്റെ അച്ഛനും മകനും വളരെ നന്നായി തോന്നി ..

Joker said...

കക്ഷത്തില്‍ മാത്യഭൂമി കണ്ടാല്‍ പിന്നെ ...ആനന്ദ ലബ്ദിക്കിനിയെന്ത് വേണം.മാത്യഭൂമി ദിനപത്രമാണെങ്കില്‍ ആള്‍ ‘നായര്‍’ , ആഴ്ചപ്പതിപ്പ് ആണെങ്കില്‍ ആള്‍ ഒരു ബു.ജി.

ആശാന്‍ ഏതായാലും അവസാനം യാത്ര മാത്യഭൂമിയില്‍ അവസാനിപ്പിച്ചല്ലോ ..സമാധാനം.

പച്ചപ്പായല്‍ said...

എതിരന്‍,
പഴയ പതിപ്പുകളുടെ ഇരു സ്വഭാവം വേറെയായിരുന്നു. ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, കഥ, കവിത മുതലായവ എല്ലാമുണ്ടായിരുന്നത് കൊണ്ട് വലിയ ഒരു ക്യാന്‍‌വാസില്‍ വായനക്കാരനെ അഡ്രസ്സ് ചെയ്യാന്‍ സാധിച്ചിരുന്നു എന്നു തോന്നുന്നു. ഇപ്പോഴത്തെ രീതിയില്‍ ഏറെക്കുറെ സ്പെഷലൈസ് ചെയ്യുന്നത്കൊണ്ട് റീഡബിലിറ്റിയും റീച്ചും കുറയുന്നുണ്ടാവണം.
(എ. എസ്. വരച്ച ചിത്രങ്ങള്‍.... യയാതി വന്ന മാതൃഭൂമി കോപ്പി ആരുടെയോ കയ്യില്‍ കണ്ട ഓര്‍മ്മ !)

ഹരീ, അതെ...

ഭ്രമരന്‍, അനൂപ്... നന്ദി

ഭൂമിപുത്രി, നമ്മള്‍ക്ക് ഇങ്ങനെ ചില ശീലങ്ങളോക്കെ ഉണ്ടെന്ന് അവര്‍ക്കറിയാമെന്നതാണ് ഇതിനൊക്കെ ധൈര്യം കൊടുക്കുന്നതെന്ന് തോന്നുന്നു.

പാരസിറ്റമോള്‍, എം.ജി.രാധാകൃഷ്ണന്റെ എഴുത്തും നന്നായിരുന്നു.

ജോക്കര്‍.... :)

Aakash :: ആകാശ് said...

വായന സിരകളില്‍ അലിഞ്ഞു ചെര്‍നിരുന്ന കാലത്തെ വിസ്മയമായിരുന്നു ഓണപ്പതിപ്പുകള്‍. കുറച്ചു വര്‍ഷം മുന്‍പ് വരെയെങ്കിലും അവ ഇത്ര നിരാശപ്പെടുത്തിയിരുന്നില്ല. ഓണം തന്നെ ഓണപ്പതിപ്പുകള്‍ വായിക്കാന്‍ വേണ്ടിയുള്ള ഒരു കാലം. ഇന്നത്തെ " എന്റെ തുമ്പപ്പൂ എവിടെ?...എന്റെ പട്ടുപാവാടകള്‍ എവിടെ?..എന്റെ ഗ്രാമം എവിടെ?.." എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അസഹനീയം ആകുമ്പോഴും "എന്റെ പഴയ ഓണപ്പതിപ്പുകള്‍ എവിടെ?.." എന്നൊരു ചോദ്യം ഉള്ളില്‍ ബാക്കിയാകുന്നു...