Sunday, April 5, 2009

മാന്ദ്യകാലപ്പേര് : പഞ്ഞൻ

പഞ്ഞകാലം വന്നിട്ടധികമായില്ല. പത്രത്തിലും മാസികകളിലും ലേഖനങ്ങൾ തുരുതുരാ വരുന്നുണ്ടെങ്കിലും കഥകളിലും സിനിമയിലുമൊന്നും മാന്ദ്യം വന്നു കണ്ടില്ല ഇതുവരെ. അതിന് അതെന്താണെന്ന് അതൊക്കെ ചെയ്യുന്നവർക്കറിഞ്ഞിട്ടു വേണ്ടെ !

എന്തായാലും പഞ്ഞകാലത്ത് ജോലി പോയെങ്കിലും സുഹൃത്തിന് ഹ്യൂമർ സെൻസിന് കുറവൊന്നും വന്നിട്ടില്ല. പിങ്ക് സ്ലിപ്പ് കിട്ടിയപ്പോൾ (അത് പിങ്കൊന്നുമല്ല, ശരിക്കും വെള്ളപ്പേപ്പർ തന്നെയാണത്രെ. വിമാനത്തിനെ ബ്ലാക്ക് ബോക്സ് പോലെയാണ് സംഗതിയെന്ന്) ആശാൻ വിളിച്ചിരുന്നു.

‘എടാ ഞാൻ പഞ്ഞൻ...‘

‘...... മനസ്സിലായില്ല മോനെ’

‘എടാ..... പോയി‘
ഇക്കാലത്ത് ആരെപ്പൊപ്പോയീന്ന് പറഞ്ഞാലും പണി പോയീന്നാണെന്ന കാര്യം ഉറപ്പാ.

‘............ ആം സോറി’

‘വോ, അതൊന്നും വേണ്ടടാ’

‘എന്താ പഞ്ഞൻ എന്നു പറഞ്ഞത്, ആദ്യം ?’

‘അല്ലെടാ; ഞാൻ ഈ വിവരം ആദ്യം റൂം‌മേറ്റിനെ വിളിച്ചുപറഞ്ഞു. അതാണല്ലൊ അതിന്റെ ഒരു മര്യാദ.’

‘ശരിയാണ് അവനാണല്ലൊ ഇനി കുറച്ചുനാളത്തേയ്ക്ക് ഉരുട്ടി വായിൽ വച്ചുതരേണ്ടത്. എന്നിട്ട് ?’

‘അവനാണെന്നെ പഞ്ഞൻ എന്നു വിളിച്ചത്’

‘സോ ക്രുവൽ’

‘ഈ പേര് കുറച്ചു നാളായി അവൻ കരുതിവച്ചതാണെന്ന്. പരിചയക്കാരിൽ ആദ്യം ജോലി പോവുന്നയാൾക്ക് ഇടാൻ വച്ചതാ. ഇപ്പൊ നറുക്ക് എനിക്കായതോണ്ട് നോ ഹാർഡ് ഫീൽ‌സ്, റൂം‌മേറ്റല്ലെ !‘

‘നല്ലതാണ്, എന്തായാലും പണി പോയി. അപ്പൊ വരുകാലത്തേയ്ക്ക് ഓർത്തുവയ്ക്കാൻ പേരായി. വേണമെങ്കിൽ ഒന്നു മാറ്റി പഞ്ഞു എന്നാക്കും നിന്റെ ലവൾ.’

‘................. വോ, അതൊക്കെ എന്നേ കളഞ്ഞെടേ, കോസ്റ്റ് കട്ടിംഗ്’

‘എന്തായാലും ഇഷ്ടപ്പെട്ടെടാ. നല്ല പേര്, പഞ്ഞൻ’

‘അർമ്മാദിക്കെടാ, അർമ്മാദിക്ക്. നിന്റെ ദിവസവും വരുമെടാ. നിനക്ക് നല്ല ഒരു പേരുമായി ഞാനിവിടെയൊ അല്ലെങ്കിൽ നാട്ടിലൊ കാണും. പാർക്കലാം’
ഒരു നാൾ എന്റപ്പനും ചാവും അപ്പ അടിയന്തരത്തിനു നിന്നെ വിളിക്കൂല എന്ന പറച്ചിലോർത്തുപോയി.

‘ഇതേ ഡയലോഗ് നീ കുറെ ആൾക്കാരോട് പറഞ്ഞു കാണുമല്ലൊ. അത്രയ്ക്കൊക്കെ പേര് നിന്റടുത്ത് സ്റ്റോക്കുണ്ടോടേയ് ?’
‌‌‌‌