Monday, December 1, 2008

മാ‍തൃഭൂമിയും മനോരമയും മാനം നോക്കുമ്പോൾ...


ഇന്നലെ, ഡിസംബർ ഒന്നാം തീയതി സന്ധ്യകഴിഞ്ഞപ്പോൾ ആകാശത്ത് ദൃശ്യമായ അപൂർവ്വ കാഴ്ചയെപ്പറ്റി അപ്പോൾത്തന്നെ എല്ലാവരും അറിഞ്ഞിരിക്കും, ഇന്നിറങ്ങിയ പത്രങ്ങളിലും ആദ്യപേജിൽ ചിത്രങ്ങളുണ്ട്.

ഈ വാർത്ത മാതൃഭൂമി, മനോരമ പത്രങ്ങളിൽ വന്നത് അതാത് പത്രങ്ങളിൽ ഞെക്കി ഞെക്കി വായിക്കാം.

മാതൃഭൂമിയിലെ പ്രസക്തഭാഗങ്ങൾ ഇതാണ് :
തിങ്കളാഴ്‌ച രാത്രി ചന്ദ്രന്റെ ഇരുവശങ്ങളിലും രണ്ട്‌ കണ്ണുകള്‍പോലെ മാനത്ത്‌ തെളിഞ്ഞുകണ്ട ഗ്രഹങ്ങള്‍ വ്യാഴവും ശുക്രനുമാണെന്ന്‌ കേരള സര്‍വകലാശാല നക്ഷത്രബംഗ്ലാവിന്റെ ഡയറക്ടര്‍ ഡോ. രേണുക പറഞ്ഞു. ഡിസംബറില്‍ സാധാരണ മകരം-കുംഭം രാശിയാണ്‌. എന്നാല്‍ ആകാശം തെളിഞ്ഞിരുന്നതിനാലാണ്‌ ഈ ഗ്രഹസംയോഗം നഗ്നനേത്രങ്ങള്‍ക്ക്‌ ദൃശ്യമായതെന്ന്‌ ഡോ. രേണുക പറഞ്ഞു. ധനുരാശിയിലാണ്‌ തിങ്കളാഴ്‌ചത്തെ ഗ്രഹസാന്നിധ്യം ദൃശ്യമായത്‌. വ്യാഴത്തിന്‌ സൂര്യനെ ഒരു പ്രാവശ്യം ഭ്രമണംചെയ്യാന്‍ 12 വര്‍ഷം വേണം. ശുക്രന്‌ ഒരു വര്‍ഷവും വേണം. ഇത്തരം ഗ്രഹസംയോഗങ്ങള്‍ പ്രകൃതിയില്‍ സാധാരണയാണെങ്കിലും നഗ്നനേത്രങ്ങള്‍ക്ക്‌ കാണാനാകുന്നത്‌ അപൂര്‍വമാണെന്ന്‌ ഒബ്‌സര്‍വേറ്ററി മുന്‍ ഡയറക്ടര്‍ ഗോപിചന്ദ്‌ പറഞ്ഞു. 2001-ല്‍ ഇത്തരം അഞ്ച്‌ നക്ഷത്രസംയോഗങ്ങള്‍ 'പഞ്ചനക്ഷത്ര' കണ്ടിട്ടുള്ളതായും അനുഭവമുണ്ട്‌.

ഇനി മനോരമയിലെ വാർത്തയിലെ പ്രധാന ഭാഗം:
വ്യാഴവും ശുക്രനും ഒരേ വരിയിൽ വരുന്നത് അത്ര അപൂർവ്വമല്ലെന്ന് പ്രശസ്ത ജ്യോതിഷി ചവറ എം. ഗോപാലകൃഷ്ണൻ പറയുന്നു. എന്നാൽ, ത്രികോണം വരച്ചതുപോളെ ചന്ദ്രനോ‍ാടു ചേർന്നൂള്ള ഈ സമാഗമം ഇതുവരെ കാണാത്തതാണേന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. ഒരേ സമയം ഗ്രഹയുദ്ധവും സമാഗമവും ചേർന്നതാണത്രെ ഇന്നലെയുണ്ടായ പ്രതിഭാസം. .... ...വ്യാഴത്തിനാണ് കൂടുതൽ പ്രകാശം. ശുക്രനു പ്രകാശം കുറവാണ്. ഗ്രഹയുദ്ധത്തിൽ ശൂക്രനു പ്രകാശമേറി ശുക്രൻ ജയിക്കുമെന്നാണു ജ്യോതിശാസ്ത്രം..... (അതോ ജ്യോതിഷമോ ?)

എന്തു പറയാൻ ! അപൂർവ്വമായ ഒരു ആകാശക്കാഴ്ചയെ വിശദീകരിക്കാൻ കേരളത്തിന്റെ സുപ്രഭാതം കൂട്ടുപിടിച്ചത് ജ്യോതിഷത്തെ. എന്നിട്ട് ജ്യോതിഷത്തെ ജ്യോതിശാസ്ത്രം എന്ന് വേഷം മാറ്റുകയും ചെയ്യുന്നു. സാരമില്ലായിരുന്നു മാത്തുകുട്ടിച്ചായന്റെ പത്രപ്രവർത്തക കുഞ്ഞാടുകൾ ജ്യോതിഷരത്നത്തിന്റെ, മഹാപണ്ഡിതന്റെ യുദ്ധ-സമാഗമ മഹാപ്രതിഭാസത്തെക്കുറിച്ചുള്ള വിശദീകരണത്തിനൊപ്പം ചുരുങ്ങിയത് ഒരു കോളേജ് അദ്ധ്യാപകനോടെങ്കിലും ഇതിനെക്കുറിച്ച് ചോദിച്ചറിഞ്ഞെങ്കിൽ, അതുംകൂടി പ്രസിദ്ധീകരിച്ചെങ്കിൽ ! വാർത്ത, സ്വ.ലേ. കൊല്ലത്തുനിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജ്യോതിർഗോളങ്ങളെപ്പറ്റി സാമാ‍ന്യബോധം സ്വലേയ്ക്കും തിരുമണ്ടൻ എഡിറ്റർക്കും ഇല്ലാതെ പോ‍വുന്നത് സ്വാഭാവികമാവാം. എന്നാലും ഇതുപോലെ ഒരു വാ‍ർത്ത കൊടുക്കുമ്പോൾ അതിന്റെ ശാസ്ത്രീയ വിശദീകരണം ആരോടെങ്കിലും തേടനുള്ള മിനിമം മര്യാദ പാലിക്കാമായിരുന്നു ആർക്കെങ്കിലും.

മാതൃഭൂമി ജ്യോതിശാസ്ത്രഞ്ജരെ ഉദ്ദരിച്ചാണ് ഈ പ്രതിഭാസം വിശദീകരിക്കുന്നത്. അത്രയും ഭാഗ്യം. കാരണം, ബോംബെ ആക്രമണത്തെയും മുൻ‌കാലങ്ങളിലെ പല ഡിസാസ്റ്ററുകളെയും കണക്റ്റ് ചെയ്ത് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ലേഖനത്തിന്റെ മാറ്റൊലി, 26 തീയതി കലിപ്പാണെന്ന് പറഞ്ഞുംകൊണ്ട്, വെറും രണ്ടു ദിവസം മുൻപ് പ്രസിദ്ധീകരിച്ചിരുന്നു കോഴിക്കോടൻ പത്രത്തിൽ.

ഇനി മറ്റു ഫോർത്ത് എസ്റ്റേറ്റുകാർ എന്തൊക്കെയാണാവൊ ഇതിനെപ്പറ്റി പറഞ്ഞിരിക്കുക ?