Monday, September 22, 2008

മേതിലിന്റെ മൌസ് ട്രാപ്പ്: ചൂണ്ടെലി

മലയാളത്തില്‍ പുതിയ ഒരു വാക്ക് : ചൂണ്ടെലി

റിംഗിങ്ങ് എനി ബെല്‍‌സ് ?

മണി മുഴങ്ങേണ്ടത് ഏതെങ്കിലും പൂച്ചയെക്കുറിച്ചല്ല, പൂച്ചയ്ക്കാര് മണികെട്ടും എന്ന്‍ ആലോചിച്ചുകൊണ്ടിരുന്ന ഒരു എലിയെക്കുറിച്ചാണ്. ഒരു എലി, ശരിയ്ക്കു പറഞ്ഞാല്‍ ഒരു ചുണ്ടെലി. റ്റോമും ജെറിയും കാര്‍ട്ടൂണിലല്ലാതെ നിങ്ങള്‍ ഇഷ്ടപ്പെടാവുന്ന ഏക എലി. (എഗയ്ന്‍, മണി മുഴങ്ങുന്നതാര്‍ക്കു വേണ്ടി ? റാം മോഹന്‍ പാലിയത്തിന്റെ ഒരു പോസ്റ്റ് ഓര്‍മ്മ വരുന്നു).

നിങ്ങളുടെ മേശപ്പുറത്ത്, അല്ലെങ്കില്‍ വലിച്ചുനീക്കാവുന്ന ഒരു പലകമേല്‍ ഒരു എലി ഇരിപ്പുണ്ട്. ഒരു ചുണ്ടെലി. നിങ്ങളുടെ വലത്തെ ഉള്ളംകൈയ്യിന്റെ ഭൂമിശാസ്ത്രവും ഊഷ്മാവും മുതുകു കൊണ്ട് അറിയുന്ന ഒരു എലി. നിങ്ങളും ഞാനും മനസ്സില്‍ ജെറിയെയും കൈവെള്ളയില്‍ മൌസിനെയും താലോലിക്കുന്നു. മൌസ്, ഒരു ചൂണ്ടിയാണ്, പോയിന്റര്‍. താ‍ന്‍ അവതരിപ്പിച്ച ഉപകരണത്തിന് ലബോറട്ടറിക്ക് പുറത്തേയ്ക്ക് എത്തുമ്പോഴെയ്ക്ക് വേറൊരു പേര് കണ്ടെത്തണമെന്ന് ഡഗ്ലസ് എങല്‍ബാതിന് തോന്നിയിരുന്നെങ്കിലും മൌസ് എന്ന പേര്‍ ഉറച്ചുപോവുകയാണുണ്ടായത്.

കമ്പ്യൂട്ടര്‍ മൌസ് രൂപംകൊണ്ടും പേരുകൊണ്ടും ചുണ്ടെലിയും പ്രവൃത്തികൊണ്ട് ചൂണ്ടിയും ആയതിനാല്‍, ചൂണ്ടെലി എന്ന പേര്, ‘ശ്ശൊ... ഇതു വരെ തോന്നീലല്ലൊ’ എന്ന് ആശ്ചര്യപ്പെടുത്തുംവിധം ചേരുന്നു. സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുമ്പോല്‍ നിങ്ങളുടെ ഇണയ്ക്കുണ്ടാകുന്ന ഒതുക്കത്തോടെ, മൌസ്, സോറി ചൂണ്ടെലി ഉള്ളംകൈയ്യില്‍ ഒതുങ്ങുന്നപോലെ ചേര്‍ന്ന് ഒതുങ്ങുന്ന ഒരു പേര്.

മേതില്‍ രാധാകൃഷ്ണനാണ് ചൂണ്ടെലി എന്ന വാക്ക് സൃഷ്ടിക്കുന്നത്. മാധ്യമം ആഴ്ചപ്പതിപ്പില്‍ പുതുതായി തുടങ്ങിയ അദ്ദേഹത്തിന്റെ പംക്തിയ്ക്ക് ചൂണ്ടെലി എന്നാണ് പേര്.

Friday, September 12, 2008

ഓണപ്പതിപ്പിലെ കാളനും കാളയിറച്ചിയും

എല്ലാവര്‍ക്കും ഓണാശംസകള്‍...

ഓണപ്പതിപ്പുകള്‍ ഇല്ലാത്ത ഓണാഘോഷത്തെപ്പറ്റി, ഡിയര്‍ മലയാളീസ്, കാന്‍ യു ഇമാജിന്‍ ? നാട്ടിലിറങ്ങുന്ന സര്‍വ്വ ആഴ്ചപ്പതിപ്പുകളും മനോരമ, മംഗളം പോളുള്ള പത്രങ്ങളും ഓണപ്പതിപ്പുകള്‍ ഇറക്കുന്നു. എല്ലാ കൊല്ലവും മത്സരിച്ച് പുതിയ കവര്‍ ഫീച്ചറുകള്‍ തേടിപ്പിടിച്ച്, ഒന്നും കിട്ടിയില്ലെങ്കില്‍ ഉണ്ടാക്കി പേജുകള്‍ പേജുകള്‍ നിറച്ചു വയ്ക്കും. മനോരമയും മാതൃഭൂമിയും ഇപ്പൊ രണ്ടു വാല്യങ്ങളായാണ് സംഗതി പടയ്ക്കുന്നത്, നിങ്ങള്‍ക്ക് കടകളില്‍നിന്ന് ഒരു പ്ലാസ്റ്റിക് സഞ്ചിയാണ് കിട്ടുക, രണ്ടു പുത്തകം, ഒരു പായ്കറ്റ് അടയൊ സേമിയയൊ എന്തെങ്കിലും 'തികച്ചും' സൌജന്യമായി....

കുറ്റം പറയരുത്, മലയാളിയുടെ സവിശേഷ സ്വഭാവങ്ങളുടെയും പൊങ്ങച്ചത്തിന്റെയും നേര്‍ക്കാഴ്ചകളാണ് ഓണപ്പതിപ്പുകള്‍. എല്ലാക്കൊല്ലവും ആരെങ്കിലും ഏതെങ്കിലുമൊക്കെ പതിപ്പുകള്‍ വാങ്ങീട്ടുണ്ടാവും, അതൊക്കെ എക്‍‌ചേഞ്ച് ചെയ്ത് വായിക്കാറാണ് പതിവ്. സാമ്പത്തിക നഷ്ടം, ഓണം അല്ലാതെതന്നെ ഉണ്ടാക്കാറുള്ളതിനാല്‍ പിന്നെ ഓണപ്പതിപ്പുകള്‍ക്കായി കാശൂ കളയാറില്ല (പലരും), ഏറിയാലൊന്ന് മാത്രം വാങ്ങുന്നതാണ് പലരുടെയും പോളിസി.

ഇത്തവണയും പതിവു തെറ്റിച്ചില്ല. ഒരു ഓടിനോക്കല്‍ നടത്തി തടിയന്‍ പതിപ്പുകളിലൂടെ. മലയാളം വാരിക, അതു തുടങ്ങിയ കാലത്ത് റീഡബിള്‍ ഓണപ്പതിപ്പുകളാണ് ഇറക്കിയിരുന്നത്. ഇപ്പൊ ആ ശീലം മാറ്റി, പേജുകള്‍ കൂട്ടി കുറെ അക്കാഡമിക് ചര്‍ച്ചകളും പ്രഭാഷണങ്ങളുമാണ് പ്രസിദ്ധീകരിക്കാറ്. കാര്‍ഷിക പ്രതിസന്ധി, കേരളത്തിന്റെ വികസനത്തെപ്പറ്റിയുള്ള ആശങ്കകള്‍ പങ്കു വയ്ക്കല്‍ .. ഇത്തവണയും അതൊക്കെ തന്നെ. ഒരുപാട് ബൌദ്ധിക വ്യായമങ്ങളില്‍ താല്പര്യമില്ലാത്തതിനാല്‍ വേഗംതന്നെ മലയാളിയാവേണ്ടെന്നു തീരുമാനിച്ചു.

മാധ്യമത്തിന്റെ റോള്‍ പതിവുപോലെ സമൂഹത്തിന്റെ വാച്ച് ഡോഗ് എന്നതുതന്നെയാണ്. ഒരുഗുണമുണ്ട് മാധ്യമത്തിന്, വാരിക എക്കാലത്തും ആത്മരോഷം കൊള്ളുന്നവര്‍ക്ക് മൈതാന പ്രസംഗങ്ങള്‍ നടത്താനുള്ള ഇടം നല്‍കുന്നു. കേരളത്തിലെയും ഇന്ത്യയിലെയും സെക്യുലറിസം നേരിടുന്ന പ്രശ്നങ്ങള്‍, പ്രതിവിധികള്‍, സാമൂഹിക മാറ്റങ്ങളുടെ അക്കാദമിക് വിചിന്തനങ്ങള്‍ ഇതൊക്കെ തന്നെ എന്നും വിഷയങ്ങള്‍... ഏകദേശം അതേ ലൈന്‍ ആണെന്നു തോന്നി ഇപ്രാവശ്യവും, പോരാത്തതിന് അടൂരുമായി ഒരു ഇന്റര്‍വ്യൂവും, നമ്മള്‍ സ്റ്റാന്റു വിട്ടു.

പിന്നെ കോട്ടയത്തിന്റെ മാണിക്യം തൊട്ടുനോക്കി: മൂന്നു വരികള്‍ - എം ടി, മാധവന്‍, മുകുന്ദന്‍. അത് വാങ്ങിപ്പോയ സുഹൃത്ത് പറഞ്ഞിരുന്നു മാധവന്റെ കഥ നന്നായിട്ടുണ്ടെന്ന്‍. എന്നാലും ബാക്കിയൊക്കെ നമ്മള്‍ കുറെക്കാലമായി കഴിക്കുന്ന കാളനല്ലെ, എന്തു വായിക്കാന്‍. എല്ലാ കൊല്ലവും ഏതെങ്കിലും ഓണപ്പതിപ്പില്‍ എം.ടിയുണ്ടാവും. അന്നത്തെ ഓണം, ഇന്നത്തെ ഓണം, കര്‍ക്കിടകത്തില്‍ ജനനം, പിറന്നാളിനെപ്പറ്റിയുള്ള കഥ.... പിന്നെ ഇന്റര്‍വ്യൂ ചെയ്യുന്നവരുടെ മണ്ടന്‍ ചോദ്യങ്ങളും: ഓണം മലയാളിക്ക് നഷ്ടപ്പെട്ടുകയാണോ, മാര്‍ക്കറ്റ് ഓണത്തെ എങ്ങനെ വിലയിരുത്തുന്നു.... എംടിയ്‌ക്കുതന്നെ ബോറടിക്കുന്നുണ്ടാവണം ഇതൊക്കെ. കൊല്ലങ്ങളായി വേറൊരു ചോദ്യവുമില്ല, ഉത്തരവുമില്ല. ഓണപ്പതിപ്പുകളിലെ ഓണാഘോഷ സിംബലുകളൊക്കെ സ്ഥിരമാണ്: എംടി, അടൂര്‍, ഓയെന്‍‌വി, യേശുദാസ്... ഈയിടെയായി പുതിയ ഐക്കണുകള്‍ ചേര്‍ക്കപ്പെടുന്നു, ദേവകി നിലയങ്ങോട്, വി എസ് അച്യുതാനന്ദന്‍... ഓ.വി. വിജയനോടും ഇ.എം.എസിനോടുമൊക്കെ ശരിയ്ക്കും ബഹുമാനം തോന്നിക്കുന്ന വിഷയമാണ് ഓണപ്പതിപ്പ് എഡിറ്റര്‍മാരെ അധികം അടുപ്പിച്ചിരുന്നില്ല എന്നത്.

അവസാ‍നം കറങ്ങിത്തിരിഞ്ഞ് മാതൃഭൂമിയില്‍ എത്തി. വിഷയങ്ങള്‍ക്ക് പുതുമ തോന്നി, മകന്‍ അച്ഛനെ വിലയിരുത്തുന്നു. അങ്ങനെ അതു വാങ്ങി. എം.ജി.രാധാകൃഷ്ണന്‍ പിജിയെ, പിയേഴ്സണ്‍ മാധവനെ, ഷോബി തിലകനെ, ശ്യാമപ്രസാദ് രാജഗോപാലിനെ, ഷൌക്കത്ത് ആര്യാടനെ .... അച്ഛാ - മകാ സീരീസില്‍ (മോഹന്‍ലാല്‍, വിജയരാഘവന്‍ തുടങ്ങി പിന്നെയും പ്രതിഭകള്‍ പിതൃസ്മാരകങ്ങള്‍ താളുകളില്‍ ഉണ്ടാക്കുന്നുണ്ട്‌) വായനാസുഖം നല്‍കുന്നവ കുറവും ക്ഷമ പരിശോധിക്കുന്നവ കൂടുതലും ആണെങ്കിലും ആര്യാടനെയും രാധാകൃനെയും പിയേഴ്സണെയും വായിക്കാം, അതിന് പ്രസക്തിയുമുണ്ട്. അച്ഛന്‍ ഈ വിചാരാണ അര്‍ഹിക്കുന്നു എന്ന പിയേഴ്സണ്‍ന്റെ തലക്കെട്ട് ആകര്‍ഷണീയം.

മാതൃഭൂമി പുത്തകം രണ്ടില്‍, അയ്യയ്യൊ, അഫിമുഖങ്ങളാണ്. നിങ്ങള്‍ക്ക് കൊല്ല്ലാന്‍ ഒരുപാട് സമയവും വായിച്ച് വായിച്ച് ബോറടിക്കാന്‍ താല്പര്യവുമുണ്ടെങ്കില്‍ വായിക്കുക. കാരണം, ആദ്യം തന്നെ പുനത്തില്‍ ആണ്. വിടുവായത്തം, തന്‍പോരിമ എന്നൊന്നും പറഞ്ഞാല്‍ പോര ആ മൊഴിമുത്തുകളെ (കാളമൂത്രം !), അല്ലെങ്കില്‍ അദ്ദേഹത്തെ പറഞ്ഞിട്ടെന്തു കാര്യം, മാതൃഭൂമിയുടെ പേജുകള്‍ ഇതുപോലെ മലീമസമാക്കാന്‍ അനുവദിക്കുന്ന കമല്‍‌റാം സജീവിനെയാണ് വിചാരണ ചെയ്യേണ്ടത്. ജെ. ആര്‍. പ്രസാദ് എം. സുകുമാരനെ ഇന്റര്‍വ്യൂ ചെയ്യുന്നു, സുദീര്‍ഘമായ ജീവിതകഥയുടെ രൂപത്തില്‍. സുകുമാരനെ ആദ്യം ഫോണില്‍ വിളിച്ചപ്പൊതൊട്ട്, പിന്നെയുള്ള എസ്.എം.എസുകള്‍, തിരുവനന്തപുരത്ത് എന്ന് എത്തി, എത്ര മി.മി. മഴ പെയ്തു, സുകുമാരന്റെ വീട്ടിലെയ്ക്ക് പോയ ഓട്ടോയുടെ നമ്പര്‍... ഇനിയെത്ര നീളാം ? സുകുമാരന്‍ സൌമ്യനും മിതഭാഷിയും ആണെങ്കിലും പ്രസാദ് അങ്ങനെയല്ല. പിന്നെ ലീലാവതി ടീച്ചര്‍, സേതു തുടങ്ങിയവര്‍ സംഭാഷണനിരതരാവുന്നു. കൂടാതെ യു.ഏ.ഖാദര്‍ ദീര്‍ഘത്തില്‍ ആത്മഭാഷണവും നത്തുന്നു. മൂന്നൊ നാലൊ പേജുകളില്‍ ഒതുക്കേണ്ടവയും ഒതുങ്ങേണ്ടവയും 30 - 40 പേജുകള്‍ വീതം ! ശിവനെ ! എന്നാലും അക്ബര്‍ കക്കട്ടിലിന്റെയും അരവിന്ദാക്ഷന്റെയും പിതൃസ്മരണകള്‍ (അവര്‍ അപ്രശസ്തരായിരുന്നു) മറ്റുള്ളവയെക്കാള്‍ എത്രയൊ ഭേദം.

എഡിറ്റര്‍, എഡിറ്റോരിയല്‍ ബോര്‍ഡ് എന്നൊക്കെ പറഞ്ഞാല്‍ പ്രസിദ്ധീകരിക്കുന്ന സംഗതികള്‍ എഡിറ്റ് ചെയ്യാന്‍ അധികാരമുള്ളവരെന്ന് ഒരു ധാരണയുണ്ടായിരുന്നു. ഇതൊക്കെ കണ്ടതോടെ (എല്ലാം വായിക്കാന്‍ സാധിക്കില്ലെ കെട്ടോ) അതു മാറിക്കിട്ടി. അവനവന്‍ മാനിയയുടെ (മാരീചനു കടപ്പാട്) ഉത്തുംഗശൃംഗങ്ങളാണ് ഓരോ എഴുത്തും. അല്ല, മലയാളിയുടെ ബുദ്ധിജീവി ജാഡ അര്‍ഹിക്കുന്നുണ്ടാവണം ഇതൊക്കെ. കാളനും മലബാറില്‍ ചിലസ്ഥലത്ത് പതിവുള്ളപോലെ ഇറച്ചിയും (കെ ഇ എന്‍ ലൈനിലാണെങ്കില്‍ കാളയിറച്ചി തന്നെയാവട്ടെ) പോരാ മലയാളിയ്ക്ക് ഓണം ആഘോഷിക്കാന്‍. ഓണപ്പതിപ്പുകളിലെ വൃത്തികെട്ട ഞാന്‍ ഞാന്‍ പേജുകളിലെ ദുര്‍ഗന്ധം കൂടി വേണം.

കഷ്ടം തോന്നുന്നത് ഈ ചവറുകളെല്ലാം വായിക്കുന്ന മലയാളീസിക്കുറിച്ചല്ല, ഇവയൊക്കെ നമ്മുടെ അതി ബൌദ്ധിക ജീവിതത്തിന്റെ പ്രതിഫനലമാണ്, ഇതൊക്കെ അച്ചടിക്കാന്‍ ലോറി കേറിവരുന്ന പാവം മരങ്ങളെ ഓര്‍ത്താണ്. പക്ഷികളും കാറ്റും പുഴുക്കളുമെല്ലാമുള്ള ആവാസവ്യവസ്ഥയില്‍നിന്ന് പള്‍പ്പായും പേപ്പറായും നമ്മുടെ അകത്തളത്തില്‍ കേറി വരുന്നത് വായനക്കാരന് വമനേച്ഛയുളവാക്കുന്ന മഷി പുരളാനാണെന്നത് അവയുടേ ദുര്യോഗം. കൂടുതല്‍ കോപ്പികള്‍ വിറ്റുപോവുകയല്ല, മറിച്ച് ഒരു കോപ്പി തന്നെ കൂടുതല്‍പേര് വായിക്കുകയും അങ്ങനെ അത്രയും മരങ്ങള്‍ സംരക്ഷിക്കപ്പെടുകയുമാണ് വേണ്ടത് എന്നു പറഞ്ഞ ആനന്ദ് ഒരു വിഡ്ഡിയാവണം ഇതൊക്കെ അച്ചടിക്കുന്ന മന്ദബുദ്ധികളുടെ കണ്ണില്‍.

Tuesday, September 9, 2008

പി എന്‍ മേനോന്‍ ഓര്‍മ്മയാവുന്നു

ഒരു വന്മരം കൂടി വീണു.

മലയാള സിനിമയുടെ തന്റേടക്കാലങ്ങളെ ഓര്‍ക്കുമ്പോള്‍ മേനോനെ ആര്‍ക്കു മറക്കാന്‍ കഴിയും ? സെറ്റിനു പുറത്തേയ്ക്ക് ചിത്രീകരണത്തെ എത്തിച്ച ഓളവും തീരവും എന്ന ഒറ്റ ചിത്രം മതി ആ മഹാകലാകാരന് അമരത്വമേകാ‍ന്‍.

കുറെ നാളായി ഓര്‍മ്മയെല്ലാം നശിച്ചു തീരെ കിടപ്പിലായിരു മേനോന് മരണം ഒരുപക്ഷെ അന്നുഗ്രമായിരിക്കും.

ചെമ്പരത്തി, ഗായത്രി, കുട്ട്യേടത്തി തുടങ്ങിയവയും അദ്ദേഹത്തിന്റെ ചിത്രങ്ങളാണ്. മരുമകന്‍ ഭരതനെപ്പോലെ മേനോനും കലാസംവിധായകനായാണ് സിനിമാരംഗത്ത് വരുന്നത്.

മഹാനായ ചലചിത്രകാരന് ആദരാഞ്ജലികള്‍.....