Monday, August 25, 2008

ബ്ലോഗ് ബ്ലോഗനയാക്കേണ്ടത് നിങ്ങളാണോ ?

ബൂലോകത്ത് ഈയിടെയായി കുറച്ചധികം ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വാക്കാണ് ബ്ലോഗന. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ മലയാളം ബ്ലോഗ്ഗുകളെക്കുറിച്ചുവന്ന കവര്‍സ്റ്റോറിയ്ക്ക് ബ്ലോഗന എന്നായിരുന്നു പേര്. അങ്ങനെയാണ് ഈ വാക്ക് ബൂലോകത്ത് (ഭാഷയിലും) സ്ഥാനം പിടിക്കുന്നതെന്ന് തോന്നുന്നു. കഴിഞ്ഞ കുറച്ചു ലക്കങ്ങളായി മലയാളം ബ്ലോഗുകളിലെ മികച്ച രചനകള്‍ പരിചയപ്പെടുത്തുന്നു എന്ന രീതിയില്‍ ബ്ലോഗന എന്ന ഒരു പംക്തിയും ആഴ്ചപ്പതിപ്പ് തുടങ്ങി. നല്ല കാര്യം. നല്ല രചനകള്‍ മാതൃഭൂമിയില്‍ വരുന്നതും ബ്ലോഗ് വായനക്കാരല്ലാത്തവര്‍ വായിക്കുനതും എന്തുകൊണ്ടും പ്രശംസിക്കപ്പെടേണ്ടതു തന്നെ.

എന്നാല്‍ ആ തെരഞ്ഞടുപ്പിന്റെ മറ്റു വശങ്ങളെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിവരെ ബ്ലോഗനയില്‍ വന്ന പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ബ്ലോഗുകള്‍ / ബ്ലോഗര്‍മാര്‍ ഇവയാണ്:

എതിരന്‍ കതിരവന്‍
വിശാലമന‍സ്കന്‍
വെള്ളെഴുത്ത്
ഗുരുകുലം (ഉമേഷ്)
മുന്നൂറാന്‍ (മുഹമ്മദ് സാദിഖ്)


എതിരന്‍ കതിരവന്‍ അദ്ദേഹത്തിന്റെ പോസ്റ്റ്(ഇരട്ടവാലന്റെ ലിംഗ പ്രതിസന്ധി) പ്രസിദ്ധീകരിച്ചതിനെപ്പറ്റി പോസ്റ്റിട്ടിരുന്നു. (വിശാലന്റെ കഥ വന്ന വിവരം ഉമേഷ് ഈ പോസ്റ്റിനിട്ട കമന്റില്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. അതുപ്രകാരം പോസ്റ്റ് അപ്ഡേറ്റ് ചെയ്തു. തെറ്റുപറ്റിയതിന് ക്ഷമിക്കണം) ഉമേഷ് ബ്ലോഗ് ബ്ലോഗനയാവുമ്പോള്‍ എന്ന പേരില്‍ പോസ്റ്റിട്ടു (http://malayalam.usvishakh.net/blog/archives/331), ബ്ലോഗ്പോസ്റ്റ് പ്രിന്റില്‍ വരുമ്പോള്‍ ഉണ്ടാവുന്ന പൊതു പ്രശ്നങ്ങളെക്കുറിച്ച് ഒരു ചിന്ത മുന്നോ‍ട്ടുവച്ചുകൊണ്ട്. വെള്ളെഴുത്തിന്റെ ശിക്ഷയും കുറ്റവും വന്നതിനെപ്പറ്റി നേരത്തെ ഈ ബ്ലോഗില്‍തന്നെ പോസ്റ്റിട്ടിരുന്നു. സാദിഖിന്റെ പോസ്റ്റ് പ്രസിദ്ധീകരികരിച്ചതിനെപ്പറ്റി മാതൃഭൂമി ബ്ലോഗനയില്‍ ഞാനും (http://munnooran.blogspot.com/2008/08/blog-post.html) എന്ന് സാദിഖും പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇത്രയുമാണ് അടിസ്ഥാനവിവരം. പൊതുവെ പറഞ്ഞാല്‍, മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചവയെപ്പറ്റി ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവേണ്ടതില്ല. പ്രത്യേകിച്ച്, ആദ്യത്തെ മൂന്ന് ലേഖനങ്ങളെപ്പറ്റി. തികച്ചും പ്രാധിനിത്യ സ്വഭാവം ഉള്ളവ.

പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ ഒരു കാര്യം സാദിഖിന്റെ മാതൃഭൂമി ബ്ലോഗനയില്‍ ഞാനും എന്ന പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ചില വാചകങ്ങളാണ്.

നിങ്ങളുടെ ബ്ലോഗുകളും മാതൃഭൂമിയില്‍ വരുത്താം. kamalramsajiv@gmail.com ഈ ഇ-മെയില്‍ ഐഡിയില്‍ നിങ്ങളുടെ മികച്ച രചനകളുടെ ലിങ്ക് അയച്ചു കൊടുത്താല്‍ മതി. നല്ലതാണെങ്കില്‍ മാതൃഭൂമിയില്‍ വരും. തീര്‍ച്ച. കാരണം നമുക്കു വേണ്ടി, നമ്മളെ പ്രോത്സാഹിപ്പിക്കാനാണല്ലോ ബ്ലോഗന തുടങ്ങിയത്.

ചില അവാര്‍ഡുകള്‍ക്ക് കൃതികള്‍ അയക്കുന്നപോലെ മാതൃഭൂമിയ്ക്ക് നിങ്ങള്‍ സൃഷ്ടികള്‍ അയക്കുകയും പ്രസിദ്ധീകരണയോഗ്യമെന്ന് അവര്‍ സാക്ഷ്യപത്രം തരുന്നത് വരെ കാത്തിരിക്കുകയും ചെയ്യുക. ഒരാള്‍ കഥയോ കവിതയോ ലേഖനമോ ഏതെങ്കിലും പ്രസിദ്ധീകരണത്തിന് അയച്ച് പത്രാധിപരുടെ ദയ കാത്തിരി‍ക്കുന്ന പോലെ. ബ്ലോഗനയില്‍ വന്ന നാലുപേരും ലേഖനങ്ങള്‍ അയച്ചുകൊടുത്ത് പ്രസിദ്ധീകരിപ്പിച്ചവരല്ല എന്നാണ് അറിഞ്ഞത്. പക്ഷെ, ഇനിയങ്ങോട്ട് അതിനാണ് സാധ്യത.

പ്രിന്റ് മീഡിയയില്‍ പ്രത്യക്ഷപ്പെടാന്‍ എഡിറ്റര്‍മാരുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ഒരാളാണെങ്കില്‍, അതു കാര്യം വേറെ. പക്ഷെ ബ്ലോഗിലെ രചനകളിലെ മികച്ചയെന്ന് മാതൃഭൂമി പോലൊരു പ്രസിദ്ധീകരണം പറയുമ്പോള്‍, അത് തിരഞ്ഞെടുക്കേണ്ടത് അവനവന്‍ പ്രസാധകന്‍ തന്നെയാണോ ? ലാപുടയുടെ, പ്രമോദിന്റെ, ലതീഷിന്റെ, ജ്യോനവന്റെ, കുഴൂരിന്റെ, വിഷ്ണുവിന്റെ, രാജിന്റെ, നജൂസിന്റെ, സനാതനന്റെ, നൊമാദിന്റെ കവിതകള്‍ അവരാരും അയച്ചുകൊടുത്തില്ലെങ്കില്‍ ഇനി ബ്ലോഗനയില്‍ വരില്ലെന്നാണോ ? രാജും മനുവും ദേവദാസും എഴുതിയ കഥകള്‍, സനാതനന്റെ കവിതാവായനകള്‍, സെബിന്റെയും മറ്റും ലേഖനങ്ങള്‍, റോബിയുടെ സിനിമാവായനകള്‍ ..... (ഒത്തിരി നീളാവുന്ന ഒരു ലിസ്റ്റാണിത്) ഇവയൊക്കെ ബൂലോകത്തെ റെപ്രസെന്റ് ചെയ്യണമെങ്കില്‍ ഇനി അവരെല്ലാവരും ബ്ലോഗ് കുട്ടയിലാക്കി കമല്‍‌റാമിന്റെ മുന്‍പില്‍ കാത്ത് നില്‍ക്കണമായിരിക്കും.

ബ്ലോഗ് വായിക്കാത്ത എന്നാല്‍ ബ്ലോഗിനെപ്പറ്റി കേട്ടിട്ടുള്ള ഒരുപാട് മലയാളികളിലേയ്ക്ക് ഏറ്റവും മികച്ച ബ്ലോഗുകള്‍ എത്തണമെന്നത് മാതൃഭൂമിയുടെ ഉദ്ദേശ്യമാണോ എന്നറിയില്ല. ആണെങ്കില്‍ അവരുടെതായ ഒരു തെരഞ്ഞെടുപ്പാണ് അഭികാമ്യം. ഇതുവരെ മാതൃഭൂമി സിലക്ഷനില്‍ കാണിച്ചിരുന്ന (ചുരുങ്ങിയത് ആദ്യത്തെ മൂന്ന് പ്രാവശ്യമെങ്കിലും) ശ്രദ്ധ ഇനിയുണ്ടാവില്ലെന്ന് തോന്നുന്നു, തന്റെ കത്തുപെട്ടിയില്‍ വരുന്ന ബ്ലോഗ്ഗുകളില്‍നിന്ന് മാത്രം നല്ലത് തെരഞ്ഞെടുക്കാനാണ് കമല്‍‌റാമിന്റെ നീക്കമെങ്കില്‍.

മാതൃഭൂമിയില്‍ ബ്ലോഗ്‌പോസ്റ്റ് വരുന്നത് വലിയ കാര്യമല്ലെന്നറിയാം, എന്നാലും അതിനും ഒരു വിലയുണ്ടല്ലൊ.

+++++++++++++++++++++++++++++
നന്ദി:
എതിരന്‍ കതിരവന്‍
ഉമേഷ്
മുന്നൂറാന്‍

ഈ ബ്ലോഗിലെ (രണ്ടേ) രണ്ട് പോസ്റ്റുകളും ബ്ലോഗനയെക്കുറിച്ചായത് യാദൃശ്ചികം മാത്രമാണ്.... :)

Monday, August 11, 2008

രാജ് നീട്ടിയത്തും വെള്ളെഴുത്തും മാതൃഭൂമിയില്‍

കഴിഞ്ഞ ആഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ രാജ് നീട്ടിയത്തിന്റെ (പെരിങ്ങോടന്‍) ലേഖനം മൊണാലിസയുടെ ഐപോഡ് പുഞ്ചിരി പ്രസിദ്ധീകരിച്ചിരിക്കുന്നു. ആപ്പിള്‍ കമ്പ്യൂട്ടര്‍, മാകിന്റോഷ്, ഐപോഡ്, ഐഫോണ്‍ തുടങ്ങിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ചാണ് രാജ് എഴുതിയിരിക്കുന്നത്. വിപണനം, പരസ്യം തുടങ്ങിയ മേഖലകളില്‍ ആപ്പിള്‍ മുന്നിട്ടുനിന്നതിന്റെ ഒരു അനക്ഡോട്ട്. രാജ് ബ്ലോഗില്‍ എഴുതിയിരുന്ന ലേഖനങ്ങളുമായി താരതമ്യം ചെയ്താല്‍, പൊതുവെ രാജിന്റെ ഭാഷയ്ക്കുണ്ടാവാറുള്ള ഒതുക്കം മൊണാലിസയില്‍ കണ്ടില്ല എന്ന് പറയേണ്ടിവരും. പിന്നെ ബ്ലോഗ് വായിക്കുന്നതുകൊണ്ടാവും പരസ്യങ്ങളെപ്പറ്റി എഴുതിയിരിക്കുന്നതില്‍ ഒരു റാം മോഹന്‍ പാലിയത്തിനെ ഫീല്‍ ചെയ്തു.

രാജിന് ആശംസകള്‍...

ബ്ലോഗിലെ രചനകള്‍ പ്രസിദ്ധീകരിക്കുന്ന ബ്ലോഗനയില്‍ വെള്ളെഴുത്തിന്റെ ശിക്ഷയും കുറ്റവും ആണിത്തവണ, എഴുത്തിനു ചേരുന്ന ചിത്രങ്ങളോടെ. ബ്ലോഗ് രചനകളോടൊപ്പം ശ്രദ്ധേയമായ ചില കമന്റുകളുംകൂടി ചേര്‍ക്കാന്‍ മാതൃഭൂമിയ്ക്ക് തോന്നിയിരുന്നെങ്കില്‍ നന്നായിരുനു. പക്ഷെ പലപ്പോഴും കമന്റുകള്‍ പോസ്റ്റിനെക്കാളും നീളമുള്ളവയാവുമ്പോള്‍ അവരെന്ത് ചെയ്യും !

വെള്ളെഴുത്തിന് ആശംസകള്‍...