Thursday, January 8, 2009

റിപ്പബ്ലിക്കൻ ബുസ്തകം

ബുക്ക് റിപ്പബ്ലിക്ക് എന്നത് മനോഹരമായ ഒരാശയമാണ്. ഒരു സമാന്തര പുസ്തക പ്രസിദ്ധീകരണ വിതരണ സമ്പ്രദായം എന്ന കൊതിപ്പിക്കുന്ന കൺസപ്റ്റ്. പ്രസിദ്ധീകരണത്തെക്കാളുപരി വിതരണത്തിന്റെ വൈതരണികളെയും കെണികളെയും കുറിച്ച് റിപ്പബ്ലിക്കിന്റെ അണിയറപ്രവർത്തകർക്ക് അറിയാമെന്നു കരുതുന്നു.

പറയാൻ കാരണം, മൾബറിയും മറ്റുപല ഉദാഹരണങ്ങളും നമ്മൾ കണ്ടതാണെന്നതു കൊണ്ടാണ്. ഷെൽ‌വി മരിച്ചപ്പോൾ നമ്മളെല്ലാം മരിച്ചപോലെ തോന്നിയതുകൊണ്ടാണ്. കവർ ഡിസൈനിലും ഉള്ളടക്കത്തിലും വിപ്ലവം നടത്തിയ മൾബെറി, വായനക്കാരനായ മലയാളിയുടെ വസന്തകാ‍ലമായിരുന്നു. കവർ ഡിസൈനിലെ മടുപ്പിക്കുന്ന പരമ്പരാഗത ശൈലികൾ മാറ്റാൻ മൾബറി ഡിസിയെപ്പോലും നിർബന്ധിതരാക്കി. മൾബറി ബുക്കുകൾക്ക് അച്ചടിക്കുന്ന കടലാസിന്റെ ഗുണനിലവാരവും വിലക്കൂടുതലും മാത്രമായിരുന്നു, പോരായ്മയായി പറയാനുണ്ടായത്. എന്നാൽ ‘വിവേകശാലിയും ആർത്തിക്കാരനുമായ വായനക്കാരൻ’ അതൊക്കെ ക്ഷമിക്കാൻ തയ്യാറായിരുന്നു. കാരണം, മൾബറിയുടെ എഴുത്തുകാർ ഒരു കാലഘട്ടത്തിൽ മലയാളത്തിലെ മാറ്റത്തിന്റെ കാറ്റ് ശ്വാസമാക്കി കരുതിയവരായിരുന്നു, നമ്മൾ, വായനക്കാരും.

ഒന്നോർത്തുനോക്കു, ആരെല്ലാമുണ്ടായിരുന്നു ആ എഴുത്തുനിരയിലെന്ന് !
നീണ്ട ‘എഴുത്തൊളിവിനു‘ ശേഷം തിരിച്ചു വന്ന മേതിൽ ഉണ്ടായിരുന്നു. ആധുനികതയുടെ കാലത്തിനു തൊട്ടു പിന്നാലെ വന്ന മരവിപ്പ്കാലത്തെ മറക്കാൻ പറഞ്ഞ കുറേപ്പേരുണ്ടായിരുന്നു. കൊച്ചുബാവ, പി.സുരേന്ദ്രൻ, വി.ആർ.സുധീഷ്, ശിഹാബുദ്ധീൻ, അഷിത.... (ഇവരൊക്കെ ഇന്ന് എവിടെ എന്നത് വേറൊരു കാര്യം) പിന്നെ മനുഷ്യനെ ഞെട്ടിച്ച കുറെ ‘വേറിട്ട’ ബുക്കുകൾ. സുധീഷ് തിരഞ്ഞെടുത്ത മലയാളത്തിലെ പ്രണയകവിതകൾ. അതേത്തുടർന്ന് ലോകസാഹിത്യത്തിലെ പ്രണയകഥകളും കവിതകളും. ഓർമ്മ എന്ന വല്ലാത്തൊരു പുസ്തകം, വിശ്വപ്രസിദ്ധ ആത്മകഥകളുടെ പരിഭാഷകൾ... മൾബറി വായനാശീലത്തെത്തന്നെ ഞെട്ടിച്ചിട്ടുണ്ടെന്ന്, നവീകരിച്ചുട്ടുണ്ടെന്ന്, റൊമാന്റിക്കാക്കിയിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

മരുന്നുവിൽ‌പ്പന തൊട്ട് ആക്രിക്കച്ചവടത്തിൽ‌വരെ കാണുന്ന ആധിപത്യ പ്രവണതകളും മാഫിയയും പുസ്തകപ്രകാശനത്തിലും ഉണ്ടാവണ്ടെ ? ഉണ്ടായി. സ്വന്തമായി വിതരണശൃംഘല ഇല്ലായിരുന്ന മൾബറി ആ രംഗത്തെ കുത്തകയുടെ ഓഫ്ഫർ നിരസിച്ചില്ല. അവർക്കും വേണ്ടത് അതുതന്നെയായിരുന്നു. വിതരണത്തിനെടുത്ത ബുക്കുകൾ പൂഴ്ത്തപ്പെട്ടു, വായനക്കാരന് പുസ്തകം കിട്ടിയില്ല, എഴുത്തുകാർക്ക് റോയൽറ്റിയും. ഷെൽ‌വി വളർത്തിയ എഴുത്തുകാരൻ‌തന്നെ അവസാനം ഷെൽ‌വിയെയും മൾബറിയെയും ഉപേക്ഷിച്ചു, വായനക്കാരൻ ഉപേക്ഷിച്ചില്ലെങ്കിലും. അതുകൊണ്ടുതന്നെ ഷെൽ‌വി ആത്മഹത്യ ചെയ്തപ്പോൾ എഴുത്തുകാരനെക്കാൾ ദു:ഖിച്ചത് വായനക്കാരനായിരിക്കും. എഴുത്തുകാരനാവട്ടെ, ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്.ഒ. സർട്ടിഫിക്കറ്റുള്ള മുദ്രണാലയത്തിന്റെ പുതിയ തലൈവർക്ക് കാലിൽ എണ്ണയിട്ട് തിരുമ്മുകയായിരുന്നു.

വിതരണം: അതാണ് പോയന്റ്. ബുക്ക് റിപ്പബ്ലിക്കിന്റെ ആശയത്തിൽ പറയുന്ന കാര്യം, മാൻ-ടു-മാൻ മാർക്കറ്റിംഗ് സാധിക്കുകയാണെങ്കിൽ അതൊരു വലിയ സംഭവമായിരിക്കും.

ലാപുടയുടെ കവിതകൾ പുറം‌ലോകത്തേയ്ക്കെത്തിക്കുന്നു എന്നത് നിങ്ങൾക്ക് അഭിമാനിക്കാനുള്ള വസ്തുതയാണ്, മലയാളത്തിലെ സമകാലികരിൽ ആർക്കൊപ്പവും തലപ്പൊക്കമുള്ള വിനോദിന്റെ പുസ്തകത്തിൽ തുടങ്ങിയത് എന്തുകൊണ്ടും ഉചിതമായി.

ബുക്ക് റിപ്പബ്ലിക്കിന്റെ പുസ്തകത്തെ ബുസ്തകം എന്ന് വിളിക്കാമെന്നു തോന്നുന്നു.
ബുക്ക് റിപ്പബ്ലിക്കിനും ബുസ്തകത്തിനും ലാപുടയ്ക്കും അഭിനന്ദനങ്ങൾ, ആശംസകൾ.

മലയാളി വായനക്കാർ എപ്പോഴും കാത്തിരിക്കുകയും വീണ്ടുംവീണ്ടും വായിക്കുകയും ചെയ്യുന്ന ഒരുപാട് ബുസ്തകങ്ങൾ ഇറക്കാൻ നിങ്ങൾക്ക് സാധിക്കും എന്നു പ്രത്യാശിക്കുന്നു.