Friday, October 10, 2008

വീരനും വയലാര്‍ അവാര്‍ഡ് .... !!!

അവസാനം അതും സംഭവിക്കുന്നു, എം പി വീരേന്ദ്രകുമാറിന് വയലാര്‍ അവാര്‍ഡ് !!!

തൊട്ടുമുന്‍പത്തെ അഞ്ചുവര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച മലയാള കൃതികള്‍ക്ക് വയലാര്‍ അവാര്‍ഡ് നല്‍കിത്തുടങ്ങിയ കാലം മുതല്‍, പൊതുവെ എല്ലാവരും തലകുലുക്കി സമ്മതിക്കുന്ന രീതിയിലാണ് അവാര്‍ഡുകള്‍ നല്‍കി വന്നിരുന്നത്. ആദ്യ അവാര്‍ഡ് ലളിതാംബിക അന്തര്‍ജ്ജനത്തിനു കൊടുക്കുന്നതു മുതല്‍, പലപ്പോഴും മലയാളത്തില്‍ അടയാളപ്പെട്ടുകിടക്കുന്ന പുസ്തകങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കിയിരുന്നത്.

എം. ടി., വിജയന്‍, ഒ.എന്‍.വി., ആനന്ദ്, മുകുന്ദന്‍, മാധവിക്കുട്ടി, തകഴി, കോവിലന്‍, അഴീക്കോട്, സാനു, പെരുമ്പടവം തുടങ്ങി പലര്‍ക്കും നല്‍കിയ അവാര്‍ഡ് എപ്പോഴും ഏറ്റവും മികച്ച കൃതിയ്ക്ക് (അല്ലെങ്കില്‍ അവയില്‍ ഒന്നിന്) ആണ് നല്‍കിയതെന്നൊന്നും പറയാനവില്ല. ദൈവത്തിന്റെ വികൃതികള്‍ക്ക് മുകുന്ദന് അവാര്‍ഡ് നല്‍കേണ്ട സമയത്ത് സാനുമാസ്റ്റര്‍ക്ക് നല്‍കി സ്നേഹം പ്രകടിപ്പിച്ചതായി അക്കാലത്ത് സംസാരമുണ്ടായിരുന്നു. പിന്നീട് മുകുന്ദന് കേശവന്റെ
വിലാപങ്ങള്‍ക്ക് അവാര്‍ഡ് കൊടുത്ത് അഡ്ജറ്റ് ചെയ്തു. അപ്രധാന സൃഷ്ടികള്‍ക്ക് പുരസ്കാരം നല്‍കിക്കൊണ്ട് ചിലപ്പോഴൊക്കെ അവാര്‍ഡ് കമ്മറ്റി ചീത്ത കേട്ടിരുന്നുവെങ്കിലും, വിവാദത്തിന്റെ തീക്കാറ്റ് ആഞ്ഞടിച്ചത് 2002ല്‍ ആണ്. അയ്യപ്പപ്പണിക്കര്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ച് അദ്ദേഹം അത് നിരസിച്ചതോടെ. ആധുനിക കവിതയുടെ അപ്പോസ്തലന്മാരില്‍ പ്രധാനിയായിരുന്ന പണിക്കര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ അവര്‍ക്ക് അത്ര കാലം ആലോചിക്കേന്റ് വന്നു എന്നതാണ് പ്രധാന പ്രശ്നമായത്. എം.വി.ദേവനും സാനുവിനും തിക്കോടിയനും കെ സുരേന്ദ്രനും പെരുമ്പടവത്തിനും ഗുപ്തന്‍ നായര്‍ക്കും കൊടുത്തതിനു ശേഷമാണ് പണിക്കരെ തേടിയെത്തിയത് വയലാര്‍ പുരസ്കാരം. ഉദ്ദേശിച്ചത് വിവാദങ്ങള്‍ വയലാര്‍ അവാര്‍ഡിന്റെ കാര്യത്തിലും പുതുമയല്ല എന്നാണ്.

അങ്ങനെയൊക്കെയാണെങ്കിലും, കേരളത്തില്‍ പൊതുവെ വയലാര്‍ അവാര്‍ഡിനു ഒരു സ്വീകാര്യത ഉണ്ടായിരുന്നു. കാരണങ്ങളുണ്ട്: ഒന്ന് പലരും നിര്‍ദ്ദേശിക്കുന്ന പേരുകളില്‍ നിന്നാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. നിര്‍ദ്ദേശിക്കപ്പെട്ട പേരുകളില്‍നിന്ന് ജഡ്ജിംഗ് കമ്മറ്റി ഒരാളെ തിരഞ്ഞെടുക്കുന്നു. പിന്നൊന്ന് ജഡ്ജിംഗ് കമ്മറ്റി അംഗങ്ങള്‍ പൊതുവെ സമ്മതരായിരുന്നു എന്നതാണ്. പ്രസ്തുത അവാര്‍ഡിന്റെ വിശ്വസ്തതയ്ക്ക് കാര്യമായ ഇടിവ് വന്നത് അയ്യപ്പപ്പണിക്കര്‍ അവാര്‍ഡ് നിഷേധിച്ചതോടെയാണ്. അക്കാദമി പുരസ്കാരങ്ങള്‍ പോലെയല്ലാതെയുള്‍ല ഒരു ഐഡന്ററ്റി ഉള്ള ഒന്നായിരുന്നു വയലാര്‍ പുരസ്കാരം. എന്തായാലും ആ കാലം കഴിഞ്ഞെന്നു കരുതാം. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച പുസ്തകമായി ഹൈമവതഭൂവില്‍ തിരഞ്ഞെടുക്കപ്പെടണമെങ്കില്‍, മലയാളിയും മലയാളിയുടെ ക്രിയേറ്റീവ് റൈറ്റിംഗും അത്രയ്ക്ക് ദരിദ്രമായിപ്പോയൊ ?

കൂലിയ്ക്ക് എഴുതിച്ച് പുസ്തകം(ങ്ങള്‍) സ്വന്തം പേരിലിറക്കി അവാര്‍ഡുകള്‍ വാരിക്കൂട്ടുന്ന കലാപരിപാടി വീരേന്ദ്രകുമാറിന്റെ തലയില്‍ വിരിഞ്ഞതാവാം, അല്ലെങ്കില്‍ കാശുണ്ടാക്കാന്‍ നല്ല പണിയാണെന്ന് തോന്നിയ കോണകംകഴുകികള്‍ ആരെങ്കിലും ഓതിക്കൊടുത്തതുമാവാം (അല്ല, സത്യത്തില്‍ അങ്ങനെത്തന്നെയാണോ ? ആണെങ്കില്‍ വേറെആരെങ്കിലുമുണ്ടോ ഇപ്പണി ചെയ്യുന്നതായി ?) എന്താണാവോ അദ്ദേഹത്തിന്റെ മഹന് ഇപ്പരിപാടി തോന്നാത്തത് ! ഒരുപക്ഷെ മൂപ്പരും ഇനി വല്ല്യ വല്ല്യ പൊത്തകങ്ങള്‍ എഴുതിയേക്കാം...

ഇത്തവണ ജഡ്ജിംഗ് കമ്മറ്റിയില്‍ ഇരുന്നത് മുകുന്ദനും സി. രാധാകൃഷ്നനും ഹാഫിസ് മുഹമ്മദും ആയിരുന്നത്രെ, സാനു മാഷ് അദ്ധ്യക്ഷനും. ഇനി സാനുമാഷിനും സി. രാധാകൃഷ്ണനും മുകുന്ദനുമൊക്കെ വരും വര്‍ഷങ്ങളില്‍ പത്മപ്രഭാ പുരസ്കാരത്തിന്റെ നിറവില്‍ മാതൃഭൂമിയുടെ ഒന്നാം പേജില്‍ ചിരിച്ചിരിക്കാം.. വീരന്‍ പൊന്നാട അണിയിക്കും, മഹാസാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ പ്രശസ്തി പത്രം വായിക്കും....

ഇതിനാണ് പടവലങ്ങ പോലെ താഴോട്ട് വളരുന്ന കേരളം എന്നു പറയുന്നത്...

ഈയിടെ കേട്ട ഒരു ശോദ്യം : കേരളത്തില്‍ ഏറ്റവും കൂടുതല്‍ എഴുത്തുകാര്‍ ഉപയോഗിക്കുന്ന തൂലികാനാമം ഏത് ????

7 comments:

പച്ചപ്പായല്‍ said...

അവസാനം അതും സംഭവിക്കുന്നു, എം പി വീരേന്ദ്രകുമാറിന് വയലാര്‍ അവാര്‍ഡ് !!!
............ കൂലിയ്ക്ക് എഴുതിച്ച് പുസ്തകം(ങ്ങള്‍) സ്വന്തം പേരിലിറക്കി അവാര്‍ഡുകള്‍ വാരിക്കൂട്ടുന്ന കലാപരിപാടി വീരേന്ദ്രകുമാറിന്റെ തലയില്‍ വിരിഞ്ഞതാവാം, അല്ലെങ്കില്‍ കാശുണ്ടാക്കാന്‍ നല്ല പണിയാണെന്ന് തോന്നിയ കോണകംകഴുകികള്‍ ആരെങ്കിലും ഓതിക്കൊടുത്തതുമാവാം.......

കാവലാന്‍ said...

ഹഹഹ പായലേ, എനിക്കുണ്ടായിരുന്നൊരു സംശയമായിരുന്നു ഇത് ഈ പണ്ടാറമൊക്കെ എഴുത്തു തുടങ്ങിയത് ബ്ലോഗിലൊക്കെയാണെങ്കില്‍ നാലു ചീത്തയെങ്കിലും വിളിക്കാമായിരുന്നു. ഇപ്പൊ എന്തു ചെയ്യാം
ഈ പോക്കു പോയാല്‍ അടുത്ത ട്ണാണ പീഢനവും അങ്ങേര്‍ ഏറ്റുവാങ്ങുന്നതിന് മലയാളി സാക്ഷ്യം നില്‍ക്കും.

Sarija NS said...

"ഇത്തവണ ജഡ്ജിംഗ് കമ്മറ്റിയില്‍ ഇരുന്നത് മുകുന്ദനും സി. രാധാകൃഷ്നനും ഹാഫിസ് മുഹമ്മദും ആയിരുന്നത്രെ, സാനു മാഷ് അദ്ധ്യക്ഷനും"

"കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച പുസ്തകമായി ഹൈമവതഭൂവില്‍ തിരഞ്ഞെടുക്കപ്പെടണമെങ്കില്‍, മലയാളിയും മലയാളിയുടെ ക്രിയേറ്റീവ് റൈറ്റിംഗും അത്രയ്ക്ക് ദരിദ്രമായിപ്പോയൊ ? "

എന്തിന് മലയാളികളെ പറയുന്നു. മുകളില്‍ പറഞ്ഞ ജഡ്ജിംഗ് കമ്മിറ്റിയുടെ എന്ന് പറഞ്ഞാല്‍ പോരെ

മാരീചന്‍ said...

നല്ല പുസ്തകമല്ലേ, ഹൈമവതഭൂവില്...:))

Anoop Technologist (അനൂപ് തിരുവല്ല) said...

:)

simy nazareth said...

:) തമാശ തന്നെ.

മലമൂട്ടില്‍ മത്തായി said...

"കാശു കൊടുത്താല്‍" കൊല്ലത്തും കിട്ടും. എഴുതി തരാന്‍ ഒരാള്‍ ഉണ്ടായിരുന്നു എങ്കില്‍ ഇവനൊക്കെ നോബല്‍ തന്നെ അടിചെടുതേനെ :-)