Monday, August 25, 2008

ബ്ലോഗ് ബ്ലോഗനയാക്കേണ്ടത് നിങ്ങളാണോ ?

ബൂലോകത്ത് ഈയിടെയായി കുറച്ചധികം ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വാക്കാണ് ബ്ലോഗന. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ മലയാളം ബ്ലോഗ്ഗുകളെക്കുറിച്ചുവന്ന കവര്‍സ്റ്റോറിയ്ക്ക് ബ്ലോഗന എന്നായിരുന്നു പേര്. അങ്ങനെയാണ് ഈ വാക്ക് ബൂലോകത്ത് (ഭാഷയിലും) സ്ഥാനം പിടിക്കുന്നതെന്ന് തോന്നുന്നു. കഴിഞ്ഞ കുറച്ചു ലക്കങ്ങളായി മലയാളം ബ്ലോഗുകളിലെ മികച്ച രചനകള്‍ പരിചയപ്പെടുത്തുന്നു എന്ന രീതിയില്‍ ബ്ലോഗന എന്ന ഒരു പംക്തിയും ആഴ്ചപ്പതിപ്പ് തുടങ്ങി. നല്ല കാര്യം. നല്ല രചനകള്‍ മാതൃഭൂമിയില്‍ വരുന്നതും ബ്ലോഗ് വായനക്കാരല്ലാത്തവര്‍ വായിക്കുനതും എന്തുകൊണ്ടും പ്രശംസിക്കപ്പെടേണ്ടതു തന്നെ.

എന്നാല്‍ ആ തെരഞ്ഞടുപ്പിന്റെ മറ്റു വശങ്ങളെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിവരെ ബ്ലോഗനയില്‍ വന്ന പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ബ്ലോഗുകള്‍ / ബ്ലോഗര്‍മാര്‍ ഇവയാണ്:

എതിരന്‍ കതിരവന്‍
വിശാലമന‍സ്കന്‍
വെള്ളെഴുത്ത്
ഗുരുകുലം (ഉമേഷ്)
മുന്നൂറാന്‍ (മുഹമ്മദ് സാദിഖ്)


എതിരന്‍ കതിരവന്‍ അദ്ദേഹത്തിന്റെ പോസ്റ്റ്(ഇരട്ടവാലന്റെ ലിംഗ പ്രതിസന്ധി) പ്രസിദ്ധീകരിച്ചതിനെപ്പറ്റി പോസ്റ്റിട്ടിരുന്നു. (വിശാലന്റെ കഥ വന്ന വിവരം ഉമേഷ് ഈ പോസ്റ്റിനിട്ട കമന്റില്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. അതുപ്രകാരം പോസ്റ്റ് അപ്ഡേറ്റ് ചെയ്തു. തെറ്റുപറ്റിയതിന് ക്ഷമിക്കണം) ഉമേഷ് ബ്ലോഗ് ബ്ലോഗനയാവുമ്പോള്‍ എന്ന പേരില്‍ പോസ്റ്റിട്ടു (http://malayalam.usvishakh.net/blog/archives/331), ബ്ലോഗ്പോസ്റ്റ് പ്രിന്റില്‍ വരുമ്പോള്‍ ഉണ്ടാവുന്ന പൊതു പ്രശ്നങ്ങളെക്കുറിച്ച് ഒരു ചിന്ത മുന്നോ‍ട്ടുവച്ചുകൊണ്ട്. വെള്ളെഴുത്തിന്റെ ശിക്ഷയും കുറ്റവും വന്നതിനെപ്പറ്റി നേരത്തെ ഈ ബ്ലോഗില്‍തന്നെ പോസ്റ്റിട്ടിരുന്നു. സാദിഖിന്റെ പോസ്റ്റ് പ്രസിദ്ധീകരികരിച്ചതിനെപ്പറ്റി മാതൃഭൂമി ബ്ലോഗനയില്‍ ഞാനും (http://munnooran.blogspot.com/2008/08/blog-post.html) എന്ന് സാദിഖും പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇത്രയുമാണ് അടിസ്ഥാനവിവരം. പൊതുവെ പറഞ്ഞാല്‍, മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചവയെപ്പറ്റി ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവേണ്ടതില്ല. പ്രത്യേകിച്ച്, ആദ്യത്തെ മൂന്ന് ലേഖനങ്ങളെപ്പറ്റി. തികച്ചും പ്രാധിനിത്യ സ്വഭാവം ഉള്ളവ.

പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ ഒരു കാര്യം സാദിഖിന്റെ മാതൃഭൂമി ബ്ലോഗനയില്‍ ഞാനും എന്ന പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ചില വാചകങ്ങളാണ്.

നിങ്ങളുടെ ബ്ലോഗുകളും മാതൃഭൂമിയില്‍ വരുത്താം. kamalramsajiv@gmail.com ഈ ഇ-മെയില്‍ ഐഡിയില്‍ നിങ്ങളുടെ മികച്ച രചനകളുടെ ലിങ്ക് അയച്ചു കൊടുത്താല്‍ മതി. നല്ലതാണെങ്കില്‍ മാതൃഭൂമിയില്‍ വരും. തീര്‍ച്ച. കാരണം നമുക്കു വേണ്ടി, നമ്മളെ പ്രോത്സാഹിപ്പിക്കാനാണല്ലോ ബ്ലോഗന തുടങ്ങിയത്.

ചില അവാര്‍ഡുകള്‍ക്ക് കൃതികള്‍ അയക്കുന്നപോലെ മാതൃഭൂമിയ്ക്ക് നിങ്ങള്‍ സൃഷ്ടികള്‍ അയക്കുകയും പ്രസിദ്ധീകരണയോഗ്യമെന്ന് അവര്‍ സാക്ഷ്യപത്രം തരുന്നത് വരെ കാത്തിരിക്കുകയും ചെയ്യുക. ഒരാള്‍ കഥയോ കവിതയോ ലേഖനമോ ഏതെങ്കിലും പ്രസിദ്ധീകരണത്തിന് അയച്ച് പത്രാധിപരുടെ ദയ കാത്തിരി‍ക്കുന്ന പോലെ. ബ്ലോഗനയില്‍ വന്ന നാലുപേരും ലേഖനങ്ങള്‍ അയച്ചുകൊടുത്ത് പ്രസിദ്ധീകരിപ്പിച്ചവരല്ല എന്നാണ് അറിഞ്ഞത്. പക്ഷെ, ഇനിയങ്ങോട്ട് അതിനാണ് സാധ്യത.

പ്രിന്റ് മീഡിയയില്‍ പ്രത്യക്ഷപ്പെടാന്‍ എഡിറ്റര്‍മാരുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ഒരാളാണെങ്കില്‍, അതു കാര്യം വേറെ. പക്ഷെ ബ്ലോഗിലെ രചനകളിലെ മികച്ചയെന്ന് മാതൃഭൂമി പോലൊരു പ്രസിദ്ധീകരണം പറയുമ്പോള്‍, അത് തിരഞ്ഞെടുക്കേണ്ടത് അവനവന്‍ പ്രസാധകന്‍ തന്നെയാണോ ? ലാപുടയുടെ, പ്രമോദിന്റെ, ലതീഷിന്റെ, ജ്യോനവന്റെ, കുഴൂരിന്റെ, വിഷ്ണുവിന്റെ, രാജിന്റെ, നജൂസിന്റെ, സനാതനന്റെ, നൊമാദിന്റെ കവിതകള്‍ അവരാരും അയച്ചുകൊടുത്തില്ലെങ്കില്‍ ഇനി ബ്ലോഗനയില്‍ വരില്ലെന്നാണോ ? രാജും മനുവും ദേവദാസും എഴുതിയ കഥകള്‍, സനാതനന്റെ കവിതാവായനകള്‍, സെബിന്റെയും മറ്റും ലേഖനങ്ങള്‍, റോബിയുടെ സിനിമാവായനകള്‍ ..... (ഒത്തിരി നീളാവുന്ന ഒരു ലിസ്റ്റാണിത്) ഇവയൊക്കെ ബൂലോകത്തെ റെപ്രസെന്റ് ചെയ്യണമെങ്കില്‍ ഇനി അവരെല്ലാവരും ബ്ലോഗ് കുട്ടയിലാക്കി കമല്‍‌റാമിന്റെ മുന്‍പില്‍ കാത്ത് നില്‍ക്കണമായിരിക്കും.

ബ്ലോഗ് വായിക്കാത്ത എന്നാല്‍ ബ്ലോഗിനെപ്പറ്റി കേട്ടിട്ടുള്ള ഒരുപാട് മലയാളികളിലേയ്ക്ക് ഏറ്റവും മികച്ച ബ്ലോഗുകള്‍ എത്തണമെന്നത് മാതൃഭൂമിയുടെ ഉദ്ദേശ്യമാണോ എന്നറിയില്ല. ആണെങ്കില്‍ അവരുടെതായ ഒരു തെരഞ്ഞെടുപ്പാണ് അഭികാമ്യം. ഇതുവരെ മാതൃഭൂമി സിലക്ഷനില്‍ കാണിച്ചിരുന്ന (ചുരുങ്ങിയത് ആദ്യത്തെ മൂന്ന് പ്രാവശ്യമെങ്കിലും) ശ്രദ്ധ ഇനിയുണ്ടാവില്ലെന്ന് തോന്നുന്നു, തന്റെ കത്തുപെട്ടിയില്‍ വരുന്ന ബ്ലോഗ്ഗുകളില്‍നിന്ന് മാത്രം നല്ലത് തെരഞ്ഞെടുക്കാനാണ് കമല്‍‌റാമിന്റെ നീക്കമെങ്കില്‍.

മാതൃഭൂമിയില്‍ ബ്ലോഗ്‌പോസ്റ്റ് വരുന്നത് വലിയ കാര്യമല്ലെന്നറിയാം, എന്നാലും അതിനും ഒരു വിലയുണ്ടല്ലൊ.

+++++++++++++++++++++++++++++
നന്ദി:
എതിരന്‍ കതിരവന്‍
ഉമേഷ്
മുന്നൂറാന്‍

ഈ ബ്ലോഗിലെ (രണ്ടേ) രണ്ട് പോസ്റ്റുകളും ബ്ലോഗനയെക്കുറിച്ചായത് യാദൃശ്ചികം മാത്രമാണ്.... :)

9 comments:

പച്ചപ്പായല്‍ said...

ബ്ലോഗിനെയും ബ്ലോഗനയെയുംകുറിച്ച്:-
ലാപുടയുടെ, പ്രമോദിന്റെ, ലതീഷിന്റെ, ജ്യോനവന്റെ, കുഴൂരിന്റെ, വിഷ്ണുവിന്റെ, രാജിന്റെ, നജൂസിന്റെ, സനാതനന്റെ, നൊമാദിന്റെ കവിതകള്‍ അവരാരും അയച്ചുകൊടുത്തില്ലെങ്കില്‍ ഇനി ബ്ലോഗനയില്‍ വരില്ലെന്നാണോ ? രാജും മനുവും ദേവദാസും എഴുതിയ കഥകള്‍, സനാതനന്റെ കവിതാവായനകള്‍, സെബിന്റെയും മറ്റും ലേഖനങ്ങള്‍, റോബിയുടെ സിനിമാവായനകള്‍ ..... (ഇതൊരു ചെറിയ ലിസ്റ്റാണ്) ഇവയൊക്കെ ബൂലോകത്തെ റെപ്രസെന്റ് ചെയ്യണമെങ്കില്‍ ഇനി അവരെല്ലാവരും ബ്ലോഗ് കുട്ടയിലാക്കി കമല്‍‌റാമിന്റെ മുന്‍പില്‍ കാത്ത് നില്‍ക്കണമായിരിക്കും....

Inji Pennu said...

എന്റെ അഭിപ്രായത്തില്‍,
1. മാതൃഭൂമി ചോദിച്ചാ അയച്ച് കൊടുക്കുക അല്ലെങ്കില്‍ നിരസിക്കുക.
2. ബ്ലോഗില്‍ നിന്നു എടുക്കുന്ന ലേഖനങ്ങള്‍ക്കു പ്രോപ്പര്‍ ബൈലൈന്‍ ആന്റ് കോമ്പന്‍സേഷന്‍ കൊടുക്കുക. (ഉമേഷിന്റെ പേരു ഗുരുകുലം എന്ന് കണ്ടു, എതിരന്റെയും തെറ്റായിരുന്നു.)
3. ലേഖനങ്ങള്‍ മാതൃഭൂമി അല്പമെങ്കിലും എഡിറ്റ് ചെയ്യുക.
4. ലേഖനങ്ങളെ കൂടാതെ കഥയും, കവിതയും ഫോട്ടോ ബ്ലോഗുകളും പ്രസിദ്ധീകരിക്കുക.

Umesh::ഉമേഷ് said...

ബ്ലോഗനയില്‍ രണ്ടാമതായി വിശാലമനസ്കന്റെ “ഇരുപതിനായിരം ഉറുപ്പിക” എന്ന കഥ പ്രസിദ്ധീകരിച്ചിരുന്നു. അതറിയാഞ്ഞതു കൊണ്ടു് എന്റെ പോസ്റ്റില്‍ അതു വിട്ടുപോയിരുന്നു.

ലേഖനങ്ങള്‍ മാത്രമല്ല, കഥയും പ്രസിദ്ധീകരിച്ച സ്ഥിതിയ്ക്കു്, ഇനി കവിതകളും മറ്റു കൃതികളും പ്രസിദ്ധീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

പച്ചപ്പായലിനോടു ചില കാര്യങ്ങളില്‍ യോജിപ്പുണ്ടു്. ബ്ലോഗ് ബ്ലോഗനയാക്കുവാന്‍ ബ്ലോഗെഴുത്തുകാര്‍ മാതൃഭൂമിയെ സമീപിക്കുന്നതിന്റെ ആവശ്യമില്ല. വേണമെങ്കില്‍ മാതൃഭൂമിയ്ക്കോ മറ്റു പ്രസിദ്ധീകരണങ്ങള്‍ക്കോ കൃതികള്‍ അയച്ചുകൊടുക്കാമല്ലോ. ബ്ലോഗനയിലെ കൃതികള്‍ അവര്‍ ഇങ്ങോട്ടു വന്നു് എടുക്കട്ടേ.

എതിരന്‍ കതിരവന്‍ said...

There is no question like 'who all represent blog for print media?' Print media have their own criteria heavily influenced by marketing which in turn would affect selection.

Blog is not playing a suserviant role. Mathrubhoomi has recognized and acnkwoledged respect for the space occupied by blogs in medium as whole.

റോഷ്|RosH said...

മാതൃ ഭുമിയിലെ ബ്ലോഗന ബൂലൊകത്തെ represent ചെയ്യുന്ന ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല. അത് ബ്ലോഗ് എന്ന വളര്‍ന്നു വരുന്ന ഒരു മാധ്യമത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു ശ്രമമായി കണ്ടാല്‍ മതി. പിന്നെ ദിവസവും പോസ്റ്റ് ചെയ്യപ്പെടുന്ന നൂറുക്കണക്കിനു ബ്ലോഗുകളില്‍ നിന്നും മികച്ചതു കണ്ടെത്തുക എന്നത് വളരെ വിഷമവുമല്ലേ? മാത്രവുമല്ല, ബ്ലോഗ് എന്നത് തന്നെ ഒരു അവനവന്‍ പ്രസാധനം തന്നെ അല്ലെ? പിന്നെ നല്ലതെന്ന് തോന്നുന്നത് പ്രസിദ്ധീകരണത്തിന് നല്‍കുന്നതില്‍ എന്താണ് തെറ്റ്? അല്ലാതെ കൊറേ established ആയ ബ്ലോഗേര്‍സിന്റെ ബ്ലോഗുകള്‍ തപ്പി , അവരുടെ കാലുപിടിച്ചു വേണം ബ്ലോഗനയില്‍ ഇടാന്‍ എന്നാണോ പറയുന്നത്?

പച്ചപ്പായല്‍ said...

ഉമേഷ്‌ജിക്ക് വളരെയധികം നന്ദി - വിശലമനസ്കന്റെ കഥ ബ്ലോഗനയില്‍ വന്ന വിവരം അറിയിച്ചതിന്. ആ വിവരം ചേര്‍ത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു.


ഇഞ്ചിപ്പെണ്ണ് പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കുന്നു, നൂറുവട്ടം.
മാതൃഭൂമിയ്ക്ക് പറ്റിയ തെറ്റുകളും ബ്ലോഗ് ബ്ലോഗനയാവുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉമേഷ്‌ജി അദ്ദേഹത്തിന്റെ പോസ്റ്റില്‍ വിശദമായി പ്രതിപാദിച്ചിരുന്നു. അതുകൊണ്ടാണ് ആ വിഷയങ്ങളെ വിട്ടുകളഞ്ഞത്.

കവിതകളും കഥകളും ഫോട്ടോപോസ്റ്റുകളും മാതൃഭൂമിയില്‍ വരുന്നത് ഏറ്റവും അഭികാമ്യമായ കാര്യമാണ്, എന്റെ ആഗ്രഹവും അതു തന്നെ. എനിക്ക് തോന്നുന്നത് ബ്ലോഗില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് കവിതകളും, പിന്നെ ലേഖനങ്ങളുമാണ് എന്നാണ്. ഇന്ന് പ്രിന്റില്‍ വരുന്ന കവിതകളേക്കാള്‍ എന്തുകൊണ്ടും മികച്ച കവിതകള്‍ ഇവിടെ ഉണ്ടാവുന്നുമുണ്ട്. ഇമാജിന്‍, (ഒരുദാഹരണം) ലാപുടയുടെ ഏതാനും കവിതകള്‍ ബ്ലോഗനയില്‍ വരികയാണെങ്കില്‍ നല്ലത് കാണാന്‍ കഴിവുള്ള വായനക്കാരന് ആ മികവിനെ അംഗീകരിക്കാതിരിക്കാനാവില്ല. അതുപോലെ പല മേഘലകളിലും.


ഉമേഷ്‌ജി, അതെ, അവര്‍ക്കുവേണ്ടത് അവരു വന്നെടുക്കട്ടെ. അതല്ല പ്രസിദ്ധീകരണത്തിന് മുട്ടി നില്‍ക്കുന്നവരാണാങ്കില്‍ അല്ലാതെ അയച്ചുകൊടുക്കാമല്ലൊ.


എതിരന്‍‌ജി, ആരു പ്രതിനിധീകരിക്കും എന്നതല്ല, ആരു തെരഞ്ഞെടുക്കുന്നു എന്നതാണ് എന്റ്റെ പോയന്റ്. മാതൃഭൂമി ബ്ലോഗിനു നല്‍കുന്ന അംഗീകാരത്തിനും സ്ഥാനത്തിനും അവരെ അഭിനന്ദിക്കാതെ വയ്യ. എന്നാലും, പലരും പുതിയ പോസ്റ്റിട്ടാല്‍ സുഹൃത്തുക്കള്‍ക്ക് ലിങ്ക് അയക്കുന്ന ത്രെഡില്‍ ഇനി കമല്‍‌റാമിന്റെ മെയിലഡ്രസ്സ് കൂടി ഉണ്ടാവും :)


പാനുരാനെ, ബ്ലോഗനയ്ക്ക് അവരു കൊടുക്കുന്ന ടൈറ്റില്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്ന മികച്ച സൃഷ്ടികളില്‍നിന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഈയാഴ്ച തിരഞ്ഞെടുത്ത രചന എന്നാണ്. അപ്പോള്‍ അതിന് സ്വാഭാവികമായും ഒരു റെപ്രസെന്റേറ്റീവ് സ്വഭാവം വരുന്നുണ്ട്. ബ്ലോഗ് മാദ്ധ്യമത്തെ പ്രോത്സാഹിപ്പിക്കാനാണെന്നത് ശരിതന്നെ. അതുകൊണ്ടുതന്നെ അവിടം അവനവന്‍ പ്രസാധകന്‍ ആവരുത്. നല്ലതെന്ന് തോന്നുന്നത് പ്രസിദ്ധീകരണത്തിന് നല്‍കുന്നതില്‍ തെറ്റൊന്നുമില്ല. അത് ഉമേഷ്‌ജി പറഞ്ഞ രീതിയില്‍ ആവുന്നതെല്ലെ നല്ലത് ? ബ്ലോഗന തികച്ചും മാതൃഭൂമിയുടെ സ്വന്തം ഐഡിയ ആണല്ലൊ. അല്ലാതെ ബ്ലോഗിലെ രചനകള്‍ക്കായി ബ്ലോഗര്‍മാര്‍ ആവശ്യപ്പെട്ടു അവരു നല്‍കിയ രണ്ടുപേജല്ല. എതിരന്‍‌ജി പറഞ്ഞത് വായിക്കുക.

പിന്നെ established ആയ ബ്ലോഗേഴ്സ് എന്നത്... ശ്രദ്ധിക്കപ്പെടാതെ പോവുന്ന പലരുമുണ്ടായിരിക്കാം, എന്നാലും ഇപ്പറഞ്ഞ established ആയ ബ്ലോഗേഴ്സ് ഒരു രാത്രി ഉണ്ടായവരല്ലല്ലൊ. കമന്റിട്ടൊ, ഷെയര്‍ ലിസ്റ്റില്‍ പതിപ്പിച്ചൊ ആരെങ്കിലും ആരെയെങ്കിലും വളര്‍ത്താന്‍ ശ്രമിച്ചാല്‍ തന്നെ അതിനൊക്കെ പരിധികളില്ലെ ? establish ആയതിനു മിന്നില്‍ മെറിറ്റ് തന്നെയാണ് ഏറ്റവും പ്രധാനഘടകം. അപ്പോള്‍ മെറിറ്റുള്ള രചകളല്ലെ ബ്ലോഗനയില്‍ വരേണ്ടത് ? അത്രയേ ഉദ്ദേശിച്ചുള്ളു..

Anil cheleri kumaran said...

അവനവന്‍ പ്രസാധകനെന്നല്ലേ ബ്ലോഗിന്റെ മുദ്രാവാക്യം തന്നെ? ഇനിയിപ്പോ പ്രിന്റ് മീഡിയക്കാരന്റെ പടിക്കല്‍ കാത്തു നില്‍ക്കേണ്ടി വരുമല്ലോ?

Unknown said...

പച്ചപ്പായല്‍,
ഈ പോസ്റ്റ് ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്.
എന്‍റെ പോസ്റ്റ് ബ്ലോഗനയില്‍ വന്ന സന്തോഷത്തിലായിരുന്നു ഞാന്‍.
ബ്ലോഗിന് അച്ചടി മാധ്യമങ്ങളുടെ പിന്തുണ വേണ്ടെന്ന് പറയുന്നവരുണ്ടാകും. ഞാന്‍ അവരുടെ കൂട്ടത്തിലല്ല. കാരണം കംപ്യൂട്ടറും ഇന്‍റര്‍നെറ്റും ബ്ലോഗുവായനയുമില്ലാത്തവരാണ് മഹാഭൂരിഭാഗവും. അവരുടെ മുന്നില്‍ ബ്ലോഗ് സാഹിത്യം എത്തുന്നു എന്നത് വലിയ കാര്യമായി തന്നെ ഞാന്‍ കാണുന്നു. അതിന് അവസരമൊരുക്കിയ മാതൃഭൂമിയെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നമ്മള്‍ നിരുത്സാഹപ്പെടുത്തേണ്ടതില്ല.

പിന്നെ, എന്‍റെ ബ്ലോഗ് ഞാന്‍ അയച്ചു കൊടുത്തതല്ല. അവര്‍ ഈമെയില്‍ വഴി ബന്ധപ്പെട്ട് അനുവാദം വാങ്ങിയ ശേഷം കൊടുത്തതാണ്.
പിന്നീട് ചീഫ് സബ് എഡിറ്റര്‍ കമല്‍ റാം സജീവിന് നന്ദി അറിയിച്ചു കൊണ്ട് ഞാനൊരു മെയിലിട്ട്. അതിന് മറുപടി അയച്ച കൂട്ടത്തില്‍ അദ്ദേഹം ഒരു കാര്യം സൂചിപ്പിച്ചു.
അതായത് തെരഞ്ഞെടുക്കുന്ന പല ബ്ലോഗര്‍മാരേയും ബന്ധപ്പെടാന്‍ പ്രൊഫൈലില്‍് നോക്കുന്പോള്‍ ഇ-മെയില്‍ ഐഡിയോ മറ്റ് വിവരമോ കിട്ടുന്നില്ല. അതുകൊണ്ട് നല്ല പല പോസ്റ്റുകളും പ്രസിദ്ധീകരിക്കാന്‍ പറ്റുന്നില്ല. ബ്ലോഗറുടെ അനുവാദം വാങ്ങിയ ശേഷമാണ് അവര്‍ പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ട് ബ്ലോഗര്‍മാരുമായി നേരിട്ട് ബന്ധപ്പെടാന്‍ കൂടിയുള്ള സൗകര്യത്തിന് എന്‍റെ പോസ്റ്റില്‍ അദ്ദേഹത്തിന്‍റെ ഇ-മെയില്‍ ഐഡി ചേര്‍്ക്കാന്‍ അദ്ദേഹം സമ്മതം തന്നു.
അങ്ങിനെയാണ് ഞാന്‍ ആ പോസ്റ്റിട്ടത്.
മാതൃഭൂമി ബ്ലോഗനയില്‍ ഞാനും. സത്യം പറഞ്ഞാല്‍് ആ പോസ്റ്റിട്ടതു തന്നെ അതിനായിരുന്നു. അല്ലാതെ എന്‍റെ ബ്ലോഗന പോസ്റ്റിന് പരസ്യം ചെയ്യാനായിരുന്നില്ല.

മാത്രമല്ല, ചില ബ്ലോഗര്‍മാരൊക്കെ പോസ്റ്റിടുന്പോള്‍ സുഹൃത്തുക്കള്‍്ക്കൊക്കെ ലിങ്ക് അയക്കാറില്ലേ.. അതുപോലെ കണ്ടാല്‍ പോരേ ഇതും. പിന്നെ, ബ്ലോഗനയില്‍ വരണമെന്ന ആഗ്രഹമുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അതിന് അവസരമൊരുക്കുക എന്നതും ഞാനുദ്ദേശിച്ചിരുന്നു.
കാരണം ബ്ലോഗര്‍മാരേയും ബ്ലോഗനയേയും പ്രോത്സാഹിപ്പിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു.

ബ്ലോഗ് കുട്ടയിലാക്കി കമല്‍റാമിന്‍റെ മുന്പില്‍ കാത്തു നില്‍ക്കേണ്ട കാര്യമില്ല. അഗ്രഗേറ്ററുകള്‍ പരതി തന്നെയാകും അവര്‍ അത് കണ്ടെത്തുന്നത്. അഗ്രഗേറ്ററുകളില്ലെങ്കില്‍ ബ്ലോഗ് വേറെ എവിടെനിന്നെങ്കിലും കിട്ടുമോന്ന് എനിക്കറിയില്ല.

ഭാവിയില്‍ മാതൃഭൂമി തന്നെ ഒരു അഗ്രഗേറ്റര്‍ തുടങ്ങില്ലെന്ന് ആര് കണ്ടു?

ഏതായാലും എന്‍റെ പോസ്റ്റിന്‍റെ ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കാതിരിക്കുക.
സ്നേഹപൂര്‍വം മുന്നൂറാന്‍.

Unknown said...

ബ്ലോഗന എന്നേ സംബന്ധിച്ചിടത്തോളം ഒരു പ്രത്യാശയായിരുന്നു.ആറും തുറന്നു സമ്മതിച്ചില്ലെങ്കിലും ഞാൻ പറയാം അല്ലറ ചില്ലറ പ്രശസ്തി ബ്ലോഗിംഗ് രംഗത്ത് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ.അതിന് നിങ്ങൾ "അഹന്ത,ദുരഭിമാനം " എന്ന് എന്ത് പേരിട്ടുവിളച്ച്ചാലും കുഴപ്പമില്ല.പച്ചപ്പായലിനേപ്പോലെ ദിവസവും നിരവധി കമന്റു വാങ്ങുന്നവർക്കും ബ്ലോഗ് തുടങ്ങി ഒരു വരിയെഴുതിയവനും ബ്ലോഗൻ ആണ്.
ഞാനും ബ്ലോഗനയിലേക്ക് , ചീഫ് സബ് എഡിറ്റര്‍ കമല്‍ റാം സജീവിന്റെ മെയിലിൽ എന്റെ രചന അയച്ചിരുന്നു.ലിങ്ക് അല്ല,രചന തന്നെ.പക്ഷേ ഓരോ ആഴ്ചയും മാത്രുഭൂമിയുടെ പേജ് മറിച്ച് നിരാശനായത് മിച്ചം. ബ്ലോഗനയിൽ വന്നാലും ഇല്ലെങ്കിലും ഞാൻ തുടർന്നും എഴുതും.അത് എന്റെ ആത്മസംതൃപ്തിയുടെ പ്രശ്നമാണ്.http://sargajalakam.blogspot.in ആണ് എന്റെ ബ്ലോഗ്. പച്ചപ്പായൽ അതൊന്നു കാണാൻ കനിയണം.എന്നിട്ട് പറ്റുമെങ്കിൽ മാത്രം എന്നേയും ബ്ലോഗനയിലേക്ക് നയിക്കണം.... പറ്റിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല.ആഗ്രഹം പറഞ്ഞു എന്നേയുള്ളു.(അതിനിടെ ഒരു സംശയം, ഈ "ബ്ലോഗന"ഇപ്പോൾ മാത്രുഭൂമി ആഴ്ചപ്പതിപ്പിലില്ലേ? കുറച്ചുനാളായല്ലോ കണ്ടിട്ട്)