Monday, October 26, 2009

ആർക്കും മനസ്സിലാവുന്ന കഥ (കവിതയല്ല)

ഒരു കഥ, കഥ മാത്രം !
---------------------
ഒരിടത്ത് (അങ്ങനെത്തന്നെയല്ലെ ?) കുറെ ചെറുപ്പക്കാർ, എല്ലായിടത്തും ഉള്ളപോലെതന്നെ ഉണ്ടായിരുന്നു. ഇനി വേണമെങ്കിൽ ഇപ്പോഴും ഉണ്ട്, ഇനിയും ഉണ്ടായിരിക്കും എന്നും കരുതാം.

എല്ലാക്കാലത്തെയും ചെറുപ്പക്കാരെപ്പോലെ ഇവർ പലപ്പോഴും എവിടെയെങ്കിലും കൂട്ടം കൂടിയിരിക്കുകയും തമാശകൾ പറയുകയും വഴിയിലൂടെ പോകുന്നവരെപ്പറ്റി നിരുപദ്രവമായ കമന്റുകൾ പറയുകയും ചെയ്തിരുന്നു. സോ കോമൺ. ഇവർക്കൊന്നും വേറെ പണിയില്ലെ എന്നു നമുക്കു ചോദിക്കാം. പക്ഷെ, അങ്ങനെയല്ലല്ലൊ അതിന്റെ ഒരിദ്. ജോലിയുള്ളവരായിരുന്നു അവര് ഒട്ടുമുക്കാലും പേരും. പിന്നെ സമയം കിട്ടുമ്പോഴൊക്കെ ഇങ്ങനെ എന്തെങ്കിലുമൊക്കെ...

എന്നു കരുതി അവർ നാട്ടുകാർക്ക് ശല്യമാണെന്നൊ പെൺകുട്ടികളെ ലൈനടിക്കുന്നവരാണെന്നൊ (പ്ലീസ്, ലൌ ജിഹാദ് അല്ല) ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ ദാഹത്തോടെ നോക്കുന്നവരാണെന്നൊ കരുതരുത്. സത്യം പറഞ്ഞാൽ, അവരായിരുന്നു നാട്ടിലെ ക്രമസമാധാനമടക്കം പലതിന്റെയും സംരക്ഷകർ. പുറംനാട്ടിൽനിന്ന് സംശയകരമായി ആരെങ്കിലും വന്നാൽ, ആഭാസകരമായി വസ്ത്രം ധരിച്ചുകണ്ടാൽ, മതിലിന്റെ മറവിൽ കമിതാക്കൾ വേണ്ടതീനത്തിനു പുറപ്പെടുമ്പോൾ.. എന്നു വേണ്ട അന്നാട്ടിൽ നിത്യജീവിതം അല്ലലില്ലാതെ തുടർന്നു പോവുന്നതിൽ അവർ സാധിക്കുംവിധം ഇടപെട്ടുകൊണ്ടിരുന്നു.

അത്തരമൊരു സംഭവം പറയാം. ഒന്നുമല്ല, വല്ല്യ കാര്യമൊന്നുമല്ല, എന്നാലും, നിത്യജീവിതത്തിന്റെ നൈരന്തര്യത്തിനു ഭംഗം വരുന്ന യാതൊന്നു സംഭവിക്കുന്നുവൊ, അത് അത്ര അഭികാമ്യമല്ലല്ലൊ നമ്മുടെയൊക്കെ സ്വകാര്യജീവിതത്തിന്. അമ്പലം, പള്ളി, കുളപ്പുര, പഞ്ചായത്താപ്പീസ്, റിയാലിറ്റി ഷോ, സിനിമാക്കൊട്ട, ഇടയ്ക്കിടയ്ക്കുള്ള കല്ല്യാണം അടിയന്തിരങ്ങൾ എന്നിങ്ങനെ സാമൂഹ്യശാസ്ത്രഞ്ജർ പണ്ടുമുതൽക്കെ അംഗീകരിച്ചുകൊടുത്തിട്ടുള്ള ചിട്ടവട്ടങ്ങളിൽ അങ്ങനെ ചക്രം തിരിഞ്ഞുകൊണ്ടിരിക്കെ, അതിനു ഭംഗം വരുന്ന ഒരു സംഭവത്തിൽ ക്രിയാത്മകമായി ഇടപെട്ട സംഗതിയാണ് പറഞ്ഞു വരുന്നത്.


ഒരിക്കൽ നമ്മുടെ യൌവനങ്ങൾ ഒട്ടുമുക്കാൽ‌പ്പേരും കുളത്തിൽ നീന്താനും കുളിക്കാനുമായി പുറപ്പെട്ടു. അവരങ്ങനെ കുറെനേരം ആസ്വദിച്ചു കുളിച്ചുകൊണ്ടിരുന്നു.

അപ്പോൾ പെട്ടെന്ന്, വലിയ ശരീരമുള്ള ഒരാൾ ഓടിവന്ന് കുളത്തിലേയ്ക്ക് ഒരൊറ്റച്ചാട്ടം.

പിള്ളാരല്ലെ, പെട്ടന്നുള്ള ഓളമല്ലെ, എല്ലാത്തിനും കുറച്ച് നേരത്തേയ്ക്ക് നിലനെറ്റി.

എന്നാലും അങ്ങനങ്ങ് പോവുമോ ! എല്ലാവരും ഒരുവിധം വെള്ളം കുടിച്ചായാലും, നീന്തിയും അപരന്റെ കോണകത്തിൽ പിടിച്ചും കരപറ്റി.

ആശ്വാസത്തോടെ ചുറ്റും നോക്കിയപ്പോൾ ഒരാൾ കുറവുണ്ടെന്ന് അവർക്ക് മനസ്സിലായി. അതാവട്ടെ അവരിലെ പൊതുവെ ദുർബലനായ ഒരുവനാണ്. കഷ്ടം !

വിഷണ്ണരായി ചുറ്റും നോക്കിക്കൊണ്ടിരിക്കെ പെട്ടെന്ന് എല്ലാവരെയും വെള്ളം കുടിപ്പിച്ച ആ ഭീമാകാരൻ വെള്ളത്തിൽനിന്നും പൊന്തിവന്നു. അവന്റെ ശരീരത്തിൽ ചുറ്റിപ്പിടിച്ചുകൊണ്ട് കാണാതായ നമ്മുടെ സുഹൃത്തും.

പെട്ടെന്ന് നമ്മുടെ സുഹൃത്തുക്കൾ ക്ഷുഭിതയൌവങ്ങളായി. എല്ലാവരും കരയിൽ നിന്ന് വലിയ വായിൽ ആക്രോശിച്ചു:

മുക്കിക്കൊല്ലെടാ നായിന്റെ മോനെ !“

ഇത്രയെ ഉള്ളു കഥ, കഥനം.


പക്ഷെ ഒന്നു വിട്ടുപോയി, പറയാൻ വൈകിയതിൽ ക്ഷമിയ്ക്കൂ. നിങ്ങൾക്ക് ബാലരമയിൽ വന്നിരുന്ന മൃഗാധിപത്യം വന്നാൽ എന്ന കാർട്ടുൺ ഓർമ്മയുണ്ടൊ, വേണുവിന്റെ ? ഇക്കഥ നടക്കുന്നത് ആ കാലത്താണ്. അന്ന് ഈ കഥയിൽ‌പ്പറഞ്ഞ ചെറുപ്പക്കാർ ഉറുമ്പുകളും ആ കുളത്തിലേയ്ക്ക് എടുത്ത് ചാടിയത് ഒരാനയും ആയിരുന്നു.

ഇനി ഇതിൽ എന്താ ഇത്ര പറയാൻ എന്നല്ലെ, ഉണ്ട്. വേറൊരു കഥ കേട്ടിട്ടില്ലെ, ഉറുമ്പ് ആനയുടെ തുമ്പിക്കൈയ്യിനുള്ളിൽ കയറി തലച്ചോറിലെത്തുകയും ആനയെ കൊല്ലുകയും ചെയ്ത കഥ ? ആ കഥ ഉറുമ്പുകൾ എന്നും വിശ്വസിക്കുന്നു, നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി. ഒരാനയെ കൊല്ലാൻ ഒരുറുമ്പ് ധാരാളം മതി എന്ന് ഉറുമ്പുകൾക്കിടയിലെ അഭിഞ്ജമതം. അല്ലെങ്കിൽ പറ, നിങ്ങൾ കേട്ട ഏതെങ്കിലും ആനയുമുറുമ്പും കഥയിൽ എന്നെങ്കിലും ആന ജയിച്ചിട്ടുണ്ടൊ ? അദ്ദാണ്.

ഇനി ഈ കഥയും മനസ്സിലായില്ലെന്ന് പറയരുത്.

ചുരുങ്ങിയത്, ഒരു കഥ മനസ്സിലാകൽ കവിത മനസ്സിലാകുന്ന പോലെ ഠിപ്പണിയൊക്കെ വേണ്ട സംഗതിയല്ലല്ലൊ.

അല്ലെങ്കിൽത്തന്നെ നമ്മളൊക്കെ കേട്ടുവളർന്നത് കഥയല്ലെ, കവിതയല്ലല്ലൊ.

1 comment:

പച്ചപ്പായല്‍ said...

അന്ന് ഈ കഥയിൽ‌പ്പറഞ്ഞ ചെറുപ്പക്കാർ ഉറുമ്പുകളും ആ കുളത്തിലേയ്ക്ക് എടുത്ത് ചാടിയത് ഒരാനയും ആയിരുന്നു.
.....................
അല്ലെങ്കിൽ പറ, നിങ്ങൾ കേട്ട ഏതെങ്കിലും ആനയുമുറുമ്പും കഥയിൽ എന്നെങ്കിലും ആന ജയിച്ചിട്ടുണ്ടൊ ? അദ്ദാണ്.
.....................
ഇനി ഈ കഥയും മനസ്സിലായില്ലെന്ന് പറയരുത്.