Saturday, February 7, 2009

മന്ത്രിമക്കളുടെ സ്വന്തം കേരളം

ഈയിടെയായി കേരളം ഇങ്ങനെയൊക്കെയാണ്. ഒരുവിധം പ്രമാദമായ കേസുകളിലെല്ലാം മന്ത്രിമക്കൾ സാന്നിധ്യമറിയിക്കുന്നു. സന്തോഷ് മാധവൻ, ഫാരിസ് റഹ്മാൻ, കിളിരൂർ-കവിയൂർ, അവസാനം ടോട്ടൽ ഫോർ യു ഇടപാടിലും !

മക്കൾ രാഷ്ട്രീയമായിരുന്നു നമ്മൾ ഏറെക്കാലം കേട്ടിരുന്നതും ചർച്ചചെയ്തിരുന്നതും. ദേശീയ, ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ കനത്ത പാരമ്പര്യവും പേറിയാണ് പാരമ്പര്യ, മക്കൾ രാഷ്ട്രീയം നമ്മുടെ നാട്ടിലും എത്തുന്നത്. ഇന്ദിരാഗാന്ധി തൊട്ട്, കിരീടാവകാശിയായ രാഹുൽ വരെയുള്ളവരുടെ പരമ്പര ദേശീയ രാഷ്ട്രീയത്തെ പ്രോജ്ജ്വലമാക്കുമ്പോൾ നമ്മളെന്തിനു കുറക്കണം ! അച്ഛൻ ദിവാകരൻ - മകൻ ദിവാകരൻ, അല്ലെങ്കിൽ മാധവൻ - പിയേഴ്സൺ തുടങ്ങി പ്രവർത്തന പാരമ്പര്യമുള്ള നല്ല മക്കളെ അന്നും ഇന്നും നമ്മൾ മക്കൾ രാഷ്ട്രീയത്തിന്റെ എയർ കണ്ടീഷൻഡ് തൊഴുത്തിൽ കെട്ടാറില്ല.

കേരളത്തിൽ അച്ഛാ മകാ കളികൾ കാര്യമായി തുടങ്ങുന്നത് ഗൾഫിൽനിന്ന് മുരളീധരൻസാർ തിരിച്ച് വന്ന് സേവാദളിന്റെ (അതെന്താ സാധനം എന്നു ചോദിക്കരുത്) കൊടി പിടിക്കുന്നതോടെയാണ്. അന്നത്തെ ഒരു കാർട്ടൂൺ ഓർമ്മ കാണുമല്ലൊ: ഇന്ദിരാജി, രാജീവ്ജി, സോണിയാജി, ഞാൻ‌ജി, മോൻ‌ജി എന്ന് വത്സലപിതാവ് പറയുന്നത്. ആ സീരീസിലേയ്ക്ക് പിന്നെ വായും പൊളിച്ചുകൊണ്ട് മോൾ‌ജിയും ഇറങ്ങിവന്നു. മറ്റുള്ളവരും കുറച്ചിട്ടൊന്നുമില്ല, റബ്ബർ കോൺഗ്രസിലെ എല്ലാരും അതേ വഴി പണ്ട് തൊട്ടേ നടന്നിട്ടുണ്ട്. പി. സി. ചാക്കൊ, കണ്ടീഷണാലിറ്റി എന്ന വാക്ക് ഡിക്ഷ്ണറിക്ക് സംഭാവന ചെയ്ത്, തൊഴിലാളിവർഗ്ഗത്തെപ്പറ്റി പുസ്തകമെഴുതിയ നോൺകമ്മുവായ (ഇതൊക്കെ മനോരമ വായിച്ചുകിട്ടിയ അറിവാണ് കെട്ടൊ) പാലാസാർ, സ്വന്തമായി ഒരുപാട് ബസ് വാങ്ങിയ പിള്ളേച്ചൻ, സ്കൂൾ കലോത്സവത്തിലെ ചാമ്പ്യന്മാർക്ക് നൽകുന്ന സ്വർണ്ണക്കപ്പിൽ ടി.എം. ജേക്കബ് നൽകുന്ന കപ്പ് എന്ന് എഴുതിയ മഹാൻ വരെ അതേ നട തന്നെ.

പക്ഷെ ഇടതുപക്ഷ നേതാക്കൾക്ക് അവർ പൊതുവെ കരുതുന്ന പോലെ കൂടുതൽ ബുദ്ധിയുള്ളതു കൊണ്ടായിരിക്കണം, മക്കൾക്ക് വേറെ ഫീൽഡിലാണ് താല്പര്യം. ആഭ്യന്തരമന്ത്രിയുടെ മകനാണ് അക്കാര്യത്തിൽ ചാമ്പ്യൻ. കേസെടുത്തൊ, കോടതി ശിക്ഷിച്ചൊ എന്നൊന്നും ചോദിക്കരുത്. അതിലൊന്നും ഇടതുപക്ഷത്തിനു പൊതുവെ വിശ്വാസവുമില്ല്ല. കിളിരൂർ കേസിലെ പെൺകുട്ടി മരിക്കുന്നതിനു മുൻപ് ഒരു വി.ഐ.പി ആശുപത്രിയിൽ വന്നതും പോയതും വലിയ വാർത്തയായിരുന്നൂ, അല്ലെങ്കിൽ വാർത്തയാക്കി. പക്ഷെ, പലരും ആ കേസില്പെട്ട മകനെ തെറ്റിദ്ധരിച്ചിരുന്നു എന്നാണ് കേട്ടത്. സീരിയൽ സിനിമാക്കാരായ രണ്ട് മക്കളിൽ ആരോ ആണെന്ന പൊതുധാരണ കുറച്ചുകാലം കഴിഞ്ഞപ്പോൾ തെറ്റി. അതു പുതിയൊരാളായിരുന്നു. മാതൃവാത്സല്യവും മാതുലവാത്സല്യവും വേണ്ടുവോളം അനുഭവിക്കുന്നത്കൊണ്ട്, ഊഹാപോഹങ്ങളല്ലാതെ ആൾ പ്രതിയൊന്നുമായില്ല, ആ‍വുകയുമില്ല.

പുതിയ ഗവൺമെന്റ് വന്നതിനുശേഷം ആഭ്യന്തരമന്ത്രിയുടെ മകന്റെ പേര് കുറെ കേസുകളിൽ കേട്ടു, ഇന്നലെ വരെ. കുറെ കാശ്, ഭൂമി ഇടപാട് തുടങ്ങിയവ ഉൾപ്പെട്ട ഏത് കേസായാലും, പ്രതിസ്ഥാനത്ത് കേൾക്കുന്നവർക്ക് ആർക്കെങ്കിലും മന്ത്രിമകനുമായി ബന്ധമുണ്ടാവും, അതായത് അങ്ങനെ വാ‍ർത്തകൾ വരും. ഇതൊക്കെ പലരുടെയും ഗൂഢാലോചനാണെന്നും കെട്ടിച്ചമച്ചാതാണെന്നും പറഞ്ഞാലും, ഒരു കേസിൽ ആ മഹൻ ഉണ്ടെന്നു കേട്ടാൽ, ഉണ്ടാവാം, സാധ്യത്യയുണ്ട് എന്നു ജനം കരുതാൻ തുടങ്ങുന്നിടത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നത് എന്നതാണ് സങ്കടകരമായ കാര്യം.

പാമോയിൽ, ലാവ്ലിൻ കേസുകളിൽ രണ്ടുപക്ഷത്തെയും തൃപുത്രന്മാർ ഇല്ലാത്തത് അതൊക്കെ നടക്കുന്ന കാലത്ത് ഇവരൊക്കെ കുട്ടികളായിരുന്നതു കൊണ്ടാവും.

3 comments:

പച്ചപ്പായല്‍ said...

ഈയിടെയായി കേരളം ഇങ്ങനെയൊക്കെയാണ്. ഒരുവിധം പ്രമാദമായ കേസുകളിലെല്ലാം മന്ത്രിമക്കൾ സാന്നിധ്യമറിയിക്കുന്നു...

പകല്‍കിനാവന്‍ | daYdreaMer said...

ചില മക്കളെ പിഴച്ചു പോയിട്ടുള്ളൂ കേട്ടോ... :)

മുക്കുവന്‍ said...

മാതൃവാത്സല്യവും മാതുലവാത്സല്യവും വേണ്ടുവോളം അനുഭവിക്കുന്നത്കൊണ്ട്, ഊഹാപോഹങ്ങളല്ലാതെ ആള്‍ പ്രതിയൊന്നുമായില്ല, ആ‍വുകയുമില്ല

അതു ശരിയാണൂ മാഷെ... ഇടതു ഭരണം കഴിയുമ്പോഴേക്കും ചില്ലൂകൂടിനു വില കൂടും... വാഴ്ത്തപ്പെട്ടവര്‍ കൂടുകയല്ലേ?